പിഎം ശ്രീ പദ്ധതി നടത്തിപ്പ്; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്. മന്ത്രിമാർ ചുമതലയുളള ജില്ലകളിലായതിനാൽ തന്നെ ഓൺലൈനായാകും യോഗം നടക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെയുളള എല്ലാ പുരോഗതിയും ചർച്ച ചെയ്യും. ഉപസമിതി റിപ്പോർട്ടിന്റെ ഏകദേശ രൂപവും യോഗത്തിലുണ്ടാകും. സിലബസ്, സ്‌കൂളുകൾ തെരഞ്ഞെടുക്കൽ തുടങ്ങിയവ ചർച്ചയാകും. കേന്ദ്രസർക്കാരിനോട് ആശയവിനിമയം നടത്തുന്നത് സംബന്ധിച്ചും യോഗത്തിൽ ധാരണയാകും എന്നാണ് വിവരം. നേരത്തെ രണ്ടുതവണയാണ് ഉപസമിതി യോഗം ചേർന്നത്.
പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീനാണ് ഉപസമിതി അധ്യക്ഷൻ. പി സി വിഷ്ണു‌നാഥ്, എം ലിജു, റോജി എം ജോൺ എന്നിവരാണ് ഉപസമിതി അംഗങ്ങൾ.ഉപസമിതി റിപ്പോർട്ട് വെച്ചായിരിക്കും പദ്ധതിയിൽ മുന്നോട്ടുള്ള കാര്യങ്ങൾ നീക്കുകയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ‘ഉപസമിതി റിപ്പോർട്ട് വെച്ചായിരിക്കും തുടർന്നുള്ള നടപടി. കേന്ദ്രസർക്കാരുമായി ചില കാര്യങ്ങളിൽ വ്യത്യസ്‌തമായ അഭിപ്രായം സംസ്ഥാനത്തിനുണ്ട്. പിഎം ശ്രീയിൽ ഉൾപ്പെടെ അതുണ്ട്. ഉപസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പിഎംശ്രീയിലെ കാര്യങ്ങൾ തീരുമാനിക്കുക’ എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്. യുഡിഎഫ് യോഗത്തിൽ പിഎംശ്രീയുമായി ബന്ധപ്പെട്ട് പ്രത്യേകം ചർച്ച നടന്നിട്ടില്ലെന്നും തർക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിഎംശ്രീയുമായി മുന്നോട്ട് പോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയുള്ള അടൂർപ്രകാശിന്റെ പ്രതികരണം.പ്രതിപക്ഷത്തിരുന്നപ്പോൾ ശക്തിയുക്തം പിഎം ശ്രീയെ എതിർത്ത യുഡിഎഫ് എൽഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എൽഡിഎഫ് സർക്കാർ ഒപ്പിട്ടത് കൊണ്ട് തന്നെ അതിൽനിന്ന് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണെന്നായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. സംസ്ഥാനത്തിന് അർഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top