തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട ഏത് സാഹചര്യത്തെയും നേരിടാൻ എൻഡിആർഎഫ്, പൊലീസ് ഉൾപ്പെടെയുള്ളവർ സജ്ജമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചെന്ന് വി ഡി സതീശൻ പറഞ്ഞു. ശക്തമായ മഴയുടേയും മണ്ണിടിച്ചിലിന്റേയും ഉരുൾപൊട്ടലിന്റേ്റേയും സാഹചര്യത്തിൽ റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ജില്ലാ കളക്ടറുമായും ഫോണിൽ ബന്ധപ്പെട്ടെന്നും 11 മണിക്ക് റവന്യൂ മന്ത്രി ജില്ലാകളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റവന്യൂമന്ത്രി സ്ഥിരീകരിച്ചു. ഇടുക്കിയിൽ രണ്ട് പേരുടേയും കോട്ടയത്ത് ഒരാളുടേയും മരണമാണ സ്ഥിരീകരിച്ചത്. ഇടുക്കി കൊടിയത്തൂർ വില്ലേജ് സുമതി (65), പീരുമേട് പ്രഭാകരൻ (77), കോട്ടയം സ്വദേശി ജോസഫ് ജോണി (26) എന്നിവരാണ് മരിച്ചത്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്. തെക്കൻ ജില്ലകളിൽ മഴ കുറയാനാണ് സാധ്യത. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിത്താമസിപ്പിക്കാൻ നിർദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴയിൽ മരണവും നാശനഷ്ടങ്ങളും സംഭവിച്ചത്. എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട വടശ്ശേരിക്കരയിൽ 24 മണിക്കൂർ പോലും ആകുന്നതിനിടെ 302 mm മഴയാണ് ലഭിച്ചതെന്നും ളാഹയിൽ 260 mm ലഭിച്ചെന്നും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ ശേഖർ കുര്യാക്കോസ് പറഞ്ഞു.ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അതേസമയം മഴ കനത്ത സാഹചര്യത്തിൽ 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, വയനാട്, ഇടുക്കി, കോട്ടയം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഏത് സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം; പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മുഖ്യമന്ത്രി


