‘ജീവിച്ചിരിപ്പുണ്ട്, 11 കിലോ കുറഞ്ഞു; ആ കാര്യത്തിൽ തീരുമാനമായാൽ നിരാഹാരം നിർത്താം’: വിദ്യാർഥിളെ പ്രശംസിച്ച് വാങ്ചുക്ക്

ന്യൂഡൽഹി • പാർലമെൻ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയോ അറസ്‌റ്റോ പീഡനങ്ങളോ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ താൻ ഉപവാസം അവസാനിപ്പിക്കുമെന്ന് ആവർത്തിച്ച് ആക്‌ടിവിസ്‌റ്റ് സോനം വാങ്ചുക്ക്. സിജെപി ഉപവാസത്തിന്റെ 25-ാം ദിവസം ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ ജീവിച്ചിരിപ്പുണ്ടെന്നും വിഡിയോയിൽ പറഞ്ഞു.

മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് അദ്ദേഹം പങ്കുവച്ചത്. ഞാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞാണ് വിഡിയോ തുടങ്ങിയത്. ഉപവാസത്തിനിടെ 11 കിലോ കുറഞ്ഞെങ്കിലും താൻ സുഖമായി ഇരിക്കുന്നുവെന്നും വൈദ്യ പരിശോധനകൾക്കായി ചൊവ്വാഴ്‌ച രാത്രിയാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചലോ സൻസദ് മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളെ വാങ്ചുക്ക് പ്രശംസിച്ചു. ലാത്തിചാർജ് നേരിടേണ്ടി വന്നിട്ടും അവർ കാണിച്ച സംയമനം തന്നെ വല്ലാതെ സ്വാധീനിച്ചെന്നും നിരാഹാരസമരം തുടരാൻ അത് സ്വാധീനിച്ചെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടികളോ അറസ്‌റ്റോ പീഡനങ്ങളോ ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയാൽ താൻ ഉപവാസം അവസാനിപ്പിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

“ഭരണകക്ഷിയിലെ മന്ത്രിമാർ ഉൾപ്പെടെ നിരവധി നേതാക്കൾ ഉപവാസം അവസാനിപ്പിക്കാൻ എന്നോട് അഭ്യർഥിച്ചിട്ടുണ്ട്. ഉപവാസം അവസാനിപ്പിക്കാൻ എനിക്ക് ആഗ്രഹവുമുണ്ട്. കാരണം എന്റെ ജോലി എനിക്ക് പ്രധാനമാണ്. എന്നാൽ കഴിഞ്ഞ ദിവസത്തെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തില്ലെന്നും, അവർക്കെതിരെ എഫ്‌ഐആറോ മറ്റു നിയമനടപടികളോ ഉണ്ടാകില്ലെന്നും ഉറപ്പ് നൽകണമെന്ന് ഞാൻ സർക്കാരിനോട് അഭ്യർഥിക്കുന്നു. ഈ ഉറപ്പ് ലഭിച്ചാൽ ഞാൻ ഇന്ന് തന്നെ നിരാഹാര സമരം അവസാനിപ്പിക്കും. അല്ലാത്തപക്ഷം, നിർഭാഗ്യവശാൽ എനിക്ക് നിരാഹാര സമരം തുടരേണ്ടി വരും”- അദ്ദേഹം പറഞ്ഞു.

സിജെപി മുന്നേറ്റത്തിൽ പങ്കെടുത്തവർക്കെതിരെ നിയമനടപടികളെടുക്കില്ലെന്നു സർക്കാർ ഉറപ്പുനൽകിയാൽ നിരാഹാരസമരം അവസാനിപ്പിക്കാമെന്നു സോനം വാങ്ചുക് കഴിഞ്ഞ ദിവസവും അറിയിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചാൽ സമരം അവസാനിപ്പിച്ചു സർക്കാരുമായി ചർച്ച ആരംഭിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. എന്നാൽ, ഈ നിലപാടിനെ സിജെപി പരോക്ഷമായി തള്ളിയിരുന്നു. മന്ത്രിയുടെ രാജിയടക്കം 4 ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നു അവർ വ്യക്ത‌മാക്കി. ചൊവ്വാഴ്‌ച വൈകിട്ട് കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങും ആശുപത്രിയിലെത്തി സോനം വാങ്ചുക്കിനെ സന്ദർശിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top