പരീക്ഷാ ക്രമക്കേട്: പിഎസ്‌സി ആസ്ഥാനത്ത് വീണ്ടും എസ്ഐടി പരിശോധന; സംഘത്തെ സഹായിക്കാൻ ഐടി വിദഗ്‌ധരും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി
എസ്ഐടി. പിഎസ്‌സി ആസ്ഥാനത്ത് എസ്ഐടി പരിശോധന നടത്തുകയാണ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന. കമ്പ്യൂട്ടറുകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളും എസ്ഐടി സംഘം പരിശോധിക്കും. എസ്ഐടി സംഘത്തെ സഹായിക്കാൻ ഐടി വിദഗ്‌ധരുമുണ്ട്. ഇത് നാലാം തവണയാണ് എസ്ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. 25നകം പ്രാഥമിക റിപ്പോർട്ട് ഡിജെപിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു പിഎസ്‌സി ആസ്ഥാനത്ത് എസ്ഐടി ഇതിന് മുൻപ് പരിശോധന നടത്തിയത്. പരീക്ഷാ കൺട്രോളറുടെ ഓഫീസിലായിരുന്നു അന്നത്തെ പരിശോധന. അന്ന് പരീക്ഷാ രേഖകൾ എസ്ഐടി സംഘം പരിശോധിച്ചിരുന്നു. ഉദ്യോഗാർത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു എസ്‌ടിഐ പരിശോധനയ്ക്ക് എത്തിയത്. ഇതിന് ശേഷമാണ് എസ്ഐടി സംഘം വീണ്ടുമെത്തിയത്. അതേസമയം ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേട് അന്വേഷിച്ച ആഭ്യന്തര വിജിലൻസ് സംഘം പ്രാഥമിക റിപ്പോർട്ട് ഇന്ന് ആഭ്യന്തര വകുപ്പിന് കൈമാറും.
പരീക്ഷാ ക്രമക്കേടുകളുടെ പേരിൽ പിഎസ്സി സംശയമുനയിലായതോടെയായിരുന്നു സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിലായിരുന്നു ക്രമക്കേട് ആരോപണം ഉയർന്നത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. ഐജി അജിത ബീഗത്തിനാണ് അന്വേഷണ ചുമതല നൽകിയത്. എസ്‌പി സക്കറിയ മാത്യു, ഡിവൈഎസ്‌പി ജി അജയ് നാഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top