മുംബൈ 12വയസുകാരിയെ തലയിൽ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ വർദ്ധ ജില്ലയിലാണ് സംഭവം. മരണത്തിന് മുൻപ് കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നതായാണ് വിവരം. രക്തത്തിൽ കുളിച്ചനിലയിലായിരുന്നു കുട്ടിയുടെ ശരീരം കണ്ടത്. സ്ഥലത്തുനിന്നും കുട്ടിയെ ആക്രമിക്കാനുപയോഗിച്ചെന്ന് കരുതുന്ന കല്ല് കണ്ടെത്തിയിട്ടുണ്ട്. വർദ്ധ പൊലീസ് സൂപ്രണ്ട് സൗരവ് കുമാർ അഗർവാൾ ഈ വിവരങ്ങൾ ശരിവച്ചു. സംഭവസ്ഥലത്ത് തെളിവുകൾക്കായി വിശദമായ പരിശോധന നടക്കുകയാണ്.
കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയശേഷം മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവരമനുസരിച്ച് അടുത്തുള്ള ജില്ല പരിഷദ് സ്‌കൂളിൽ നിന്നും ഉച്ചയോടെ ഒറ്റയ്ക്ക് മടങ്ങിവരികയായിരുന്നു കുട്ടി. ആ സമയത്താണ് ആക്രമണമുണ്ടായത്. കുട്ടിയുടെ വസ്ത്രത്തിന്റെ ഭാഗങ്ങൾ അടുത്തുള്ള കാർഷിക സംഭരണശാല പരിസരത്ത് നിന്നും ലഭിച്ചു.അമ്മയുടെ പരാതിയിൽ കൊലപാതകം, ബലാൽസംഗം, അതിക്രമിച്ച് കടക്കൽ എന്നിവയും പോക്‌സോ വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തു. ചോദ്യംചെയ്യലിനായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ രാഹുൽ രാജു മാഡവി എന്ന 30കാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ അടുത്തുള്ള ഫാമിലെ ജീവനക്കാരനാണ്.
14 അംഗ സംഘത്തെയാണ് കേസന്വേഷണത്തിന് നിയോഗിച്ചത്. മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയാർ കൊലപാതകത്തെ ശക്തമായി അപലപിച്ചു. പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചെന്നും സംഭവവുമായി ബന്ധമുള്ളവരെ പിടികൂടുന്നതിന് നടപടികൾ തുടരുന്നെന്നും അദ്ദേഹം അറിയിച്ചു.
12കാരിയെ പീഡനത്തിനിരയാക്കിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു


