ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു; മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശി അറസ്റ്റിൽ

മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ (22)യാണ് കൊല്ലപ്പെട്ടത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിലായി. പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനം (23) ആണ് അറസ്റ്റിലായത്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു.കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ദിവസം മുൻപാണ് സാവരിയ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉസ്ബകിസ്ഥാൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. സംഭവദിവസം തന്നെ സദുറൽ അനത്തിനെ അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ നിലവിൽ ജയിലിലാണ്.സാവരിയയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിക്കും. സാവരിയയുടെ പിതാവ് വിദേശത്താണ്. മരണവിവരം വീട്ടുകാർ നേരത്തെ അറിഞ്ഞിരുന്നെങ്കിലും ഉസ്ബകിസ്ഥാനിലേക്ക് പോകാൻ സാങ്കേതിക തടസം നേരിട്ടിരുന്നു. മറ്റൊരു ബന്ധു വിസ എടുത്ത് അവിടേക്ക് പോയശേഷമാണ് മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top