കാസർകോട്: കെഎസ്ആർടിസി വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതിനെത്തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട്ട് സ്വകാര്യ ബസ് സർവ്വീസ് ഇന്ന് നിറുത്തിവച്ചു. ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ, തൊഴിലാളികൾ, കുടുംബാംഗങ്ങൾ എന്നിവർ കളക്ടറേറ്റ് മാർച്ച് നടത്തുന്നുണ്ട്. അണങ്കൂരിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റിലെത്തി ധർണ്ണനടത്തും.
സമരം യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. വനിതകളൊഴികെയുള്ള യാത്രക്കാർക്ക് കെഎസ്ആർടിസിയിൽ കയറിപ്പറ്റാനാകാത്ത സ്ഥിതിയാണ്. ഓട്ടോ ചാർജിലെ വർധനവ് മൂലം അതിനും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികളും വിദ്യാർത്ഥികളും സാധാരണക്കാരായ മറ്റു യാത്രക്കാരും. വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതോടെ സ്വകാര്യ ബസുകൾക്ക് ഇന്ധനം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണെന്ന് ഉടമകൾ പറയുന്നു.ജില്ലയിൽ സ്വകാര്യബസ് പണിമുടക്ക് പൂർണ്ണമാണെങ്കിലും ജില്ലയിലെ വടക്കൻ അതിർത്തിയായ ഹൊസങ്കടിയിൽ നിന്നു മംഗലാപുരത്തേക്ക് കർണ്ണാടക സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് രൂക്ഷമാണെന്നു പറയുന്നു. അതേ സമയം മഞ്ചേശ്വരത്തെ ഹൊസങ്കടിയിൽ നിന്ന് ആനക്കല്ലിലേക്ക് യാത്രക്കാർ ബസ് കാത്തു കൂട്ടം കൂടിയിട്ടുണ്ട്.
കാസർകോട് ജില്ലയിൽ സ്വകാര്യ ബസ് സമരം പൂർണ്ണം: സാധാരണയാത്രക്കാർ വിഷമത്തിൽ


