ലഹരിക്ക് പണം ഇറക്കുന്നവരേയും ‘അടിച്ചിട്ട്’ തൂഫാൻ; എംഡിഎംഎ കേസിൽ ലക്ഷങ്ങൾ ചെലവിട്ട ഫാഷൻ ഡിസൈനർ പിടിയിൽ

കോഴിക്കോട് മുക്കത്ത് 2.3 കിലോ എംഡിഎംഎ പിടികൂടിയ കേസിൽ ഒരു യുവതി കൂടി അറസ്‌റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിയും ഫാഷൻ ഡിസൈനറുമായ ഖദീജയെ (40) ആണ് താമരശ്ശേരി ഡിവൈഎസ്‌പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നീലേശ്വരത്തുനിന്ന് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.

ഏപ്രിൽ 2ന് മുക്കം മുണ്ടുപാറ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയെ(36) 517 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. തുടർന്ന് ഇയാൾ താമസിച്ച മുത്താലത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നേമുക്കാൽ കിലോയോളം എംഡിഎംഎ കൂടി കണ്ടെത്തി. ഇതോടെ ആകെ 2.306 കിലോ എംഡിഎംഎ ആണ് കേസിൽ പിടിച്ചെടുത്തത്. ഇതോടെ പിടിച്ചെടുത്ത അളവു പ്രകാരം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചെടുത്ത കേസുകളിൽ ഒന്നായി ഇതു മാറി. സംഭവത്തിൽ ബേപ്പൂർ സ്വദേശി റൈഹാനത്തും (45) നേരത്തേ അറസ്‌റ്റിലായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ട് ഖദീജയുടെ പങ്ക് വ്യക്‌തമായത്. മുഹമ്മദ് ഹനീഫയുടെ അടുത്ത സുഹൃത്തായ ഖദീജയുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസിൽ പിടിയിലായ ഹനീഫ മേയ് 23ന് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ വഡോദരയിൽ വച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.

ഇത്തരത്തിൽ ഹനീഫ ഒളിവിലായിരുന്ന സമയത്ത് ഖദീജ സാമ്പത്തിക സഹായവും നൽകിയതായി അന്വേഷണത്തിൽ വ്യക്‌തമായി. ഫനീഫയെ പത്തു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ കർണാടകയിലെ കലബുറഗിയിൽ നിന്ന് പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഈ പത്ത് ദിവസങ്ങളിൽ ഖദീജ പലതവണയായി ഏകദേശം ഒന്നര ലക്ഷം രൂപയിലേറെ ഹനീഫയ്ക്കു സാമ്പത്തിക സഹായം നൽകിയതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്.

കോഴിക്കോട് റൂറൽ എസ്‌പി മെറിൻ ജോസഫിൻ്റെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു‌. കേസിൽ പിടിയിലായ മൂന്നു പേരിൽ നിന്നും ലഭിക്കുന്ന വിവരം കൂടി ഉൾപ്പെടുത്തി അന്വേഷണം വിപുലമാക്കാൻ ആണ് പൊലീസ് ഒരുങ്ങുന്നത്. മുക്കം പൊലീസ് ഇൻസ്പെക്ടർ നിബിൻ ജോയ്, എസ്ഐമാരായ അബ്‌ദുൽ റഷീദ്, മുംതാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനോയ് വിശ്വം സിവിൽ പൊലീസ് ഓഫിസർ ജിഷ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഖദീജയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top