പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെ മംഗ്ളൂരു, ബൈക്കംപാടിയിൽ കൊളളയടിച്ച കേസ്; അന്വേഷണം കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്കു വ്യാപിപ്പിച്ചു; ള്ളസംഘം രക്ഷപ്പെട്ടത് പെർള ചെക്ക് പോസ്റ്റ് വഴിയെന്ന് സൂചന, കാർ ഉപേക്ഷിച്ച നിലയിൽ

കാസർകോട്: പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തട്ടികൊണ്ടുപോയി 20 ലക്ഷത്തിൽപ്പരം രൂപ വിലമതിക്കുന്ന സ്വർണ്ണം കൊള്ളയടിച്ച കേസിൻ്റെ അന്വേഷണം പൊലീസ് കണ്ണൂർ, കാസർകോട് ജില്ലകളിലേയ്ക്ക് വ്യാപിപ്പിച്ചു. കുറ്റകൃത്യത്തിനു ശേഷം കൊള്ള സംഘം ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ പെർള ചെക്കുപോസ്റ്റുവഴിയാണ് രക്ഷപ്പെട്ടതെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി കർണ്ണാടക പൊലീസിൻ്റെ വിവിധ സംഘങ്ങൾ ഇരു ജില്ലകളിലും രഹസ്യാന്വേഷണം തുടരുകയാണ് എന്നാണ് സൂചന.
പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയായ വികാസ് തിങ്കളാഴ്‌ച പുലർച്ചെയാണ് മംഗ്ളൂരു, ബൈക്കംപാടിയിൽ കൊള്ളയ്ക്കിരയായത്. ഭാര്യയ്ക്കും മകനും ഒപ്പം മഹാരാഷ്ട്രയിൽ നിന്നു പയ്യന്നൂരിലേയ്ക്ക് കാറിൽ വരികയായിരുന്നു വികാസ്. ബൈക്കംപാടിയിൽ എത്തിയപ്പോൾ രണ്ടു ഇന്നോവകാറുകളിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം തടഞ്ഞു നിർത്തുകയും തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ആദ്യം വികാസിനെ കാറിൽ നിന്നു ഇറക്കിവിട്ട സംഘം ഭാര്യയെയു മകനെയും കൊണ്ടു കാറുമായി കുതിച്ചു പാഞ്ഞു. രണ്ടു കിലോ മീറ്റർ ദൂരം പിന്നിട്ട് പണമ്പൂർ ബീച്ച് റോഡിൽ ഭാര്യയെയ മകനെയും ഇറക്കിവിട്ടു. തുടർന്നു കാറുമായി സംഘം രക്ഷപ്പെട്ടു. സ്വർണ്ണ വ്യാപാരിയുടെ കാർ പിന്നീട് 26 കിലോമീറ്റർ അകലെ ബണ്ട്വാളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാറിൻ്റെ സീറ്റുകൾ കീറിയ നിലയിലായിരുന്നു. സ്വർണ്ണമോ, പണമോ ഒളിപ്പിച്ചുവച്ചിരിക്കാമെന്ന സംശയം മൂലമാണ് സീറ്റുകൾ കീറിയതെന്നു സംശയിക്കുന്നു.
കേരള രജിസ്ട്രേഷനിലുള്ള നമ്പർ പ്ലേറ്റുകളാണ് കൊള്ള സംഘം എത്തിയ കാറുകളിൽ ഉണ്ടായിരുന്നത്. ഇവ വ്യാജമാണോയെന്നു സംശയിക്കുന്നു. ബൈക്കംപാടിയിൽ അരങ്ങേറിയതു പോലെ സമാനമായ രീതിയിലുള്ള സ്വർണ്ണക്കൊള്ള അടുത്തിടെ പയ്യന്നൂർ, വെള്ളൂരിലും നടന്നിരുന്നു. പ്രസ്‌തുത കേസിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്യുകയും മറ്റു പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് മറ്റൊരു സ്വർണ്ണ വ്യാപാരി കൂടി സമാന രീതിയിൽ കൊള്ളയടിക്കിരയായത്.
≡ City & Local Guides
X

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top