തിരുവനന്തപുരം: സംസ്ഥാനത്താകമാനം അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ പ്രതി. ആലുവയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് എളമക്കര പൊലീസാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മാതാപിതാക്കളായിരുന്നു കുട്ടിക്കെതിരായ അതിക്രമം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. അങ്കണവാടിയിൽ സ്ഥിരമായി എത്തിയിരുന്ന ആളാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് പൊലീസ് യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ തീരുമാനം, സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി


