തിരുവനന്തപുരം: ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ വളരെ
വലിയ വിജയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ സ്റ്റുഡന്റ് കേഡറ്റ്സിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ പരിപാടികൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലും രാഷ്ട്രീയ മേഖലയിലും ഓപ്പറേഷൻ തൂഫാൻ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ്സാണ് പദ്ധതിയുടെ ഭാഗമായി ആദ്യമായി രംഗത്തിറങ്ങിയ തൂഫാൻ വാരിയേഴ്സ്. പതിനേഴായിരത്തോളം സ്‌കൂളുകളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിലവിൽ നടക്കുന്നുണ്ട്. വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളെ ഒരുമിച്ച് നിർത്തി ലഹരിക്കെതിരായി പോരാടുക എന്നതാണ് ലക്ഷ്യം.’ അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിലും കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ‘സിനിമാക്കാരാണെങ്കിലും രാഷ്ട്രീയക്കാരാണെങ്കിലും എല്ലാവർക്കും ഒരേ നിയമമാണ്. കാരവാനുകൾ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ, ഡിജെ പാർട്ടികൾ എന്നിവിടങ്ങളിലെല്ലാം പരിശോധനയുണ്ടാവും. ഇത് അവസാനിപ്പിക്കണം എന്നാണ് അവരോടെല്ലാം പറയാനുള്ളത്.’ മന്ത്രി വ്യക്തമാക്കി.


