കാസർകോട്: ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക പെരുകിയതിനെ തുടർന്ന് നീതി സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണം പൂർണ്ണമായും നിലച്ചു. ഇതോടെ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
മരുന്നുകൾക്കായി പൂർണ്ണമായും സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന ദുരിതബാധിത കുടുംബങ്ങൾക്ക് ഈ താളംതെറ്റൽ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തത് ഇവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ലക്ഷങ്ങളുടെ കുടിശ്ശിക എന്നാണ് വീട്ടുക തീർക്കുക എന്നതിനെക്കുറിച്ചോ, മരുന്ന് വിതരണം എപ്പോൾ പുനരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ചോ നിലവിൽ വ്യക്തതയില്ല. ദുരിതബാധിതരുടെ ജീവൻ വച്ചുള്ള ഈ കളിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അടിയന്തരമായി സർക്കാർ ഇടപെട്ട് കുടിശ്ശിക തീർക്കണമെന്നും മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.


