ന്യൂഡൽഹി: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ. ഒരു കിലോമീറ്ററിന് സർക്കാർ 55 രൂപ വീതം നൽകിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. ഈ നിർദേശം പരിശോധിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി. ഡൽഹിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കെഎസ്ആർടിസിയിൽ ടിക്കറ്റ് ഇതര വരുമാനം കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ശമ്പളവും, പെൻഷനും മുടങ്ങാതെ നൽകും. ഓർഡിനറി ബസുകളുടെ എണ്ണം കൂട്ടാൻ ഉടൻ ഉദ്ദേശിക്കുന്നില്ല. ഇപ്പോൾ ഉള്ളത് പോലെ പോകട്ടെ എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. നവകേരള ബസ് ഇപ്പോൾ എവിടെ എന്ന് അറിയില്ല. ഇതേപ്പറ്റി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളിൽ നമ്മുടെ ലൈസൻസിന് ഒരു വിലയും ഇല്ല എന്ന് പരാതി ഉണ്ട്. ചിപ്പ് ഘടിപ്പിച്ച ഹോളോഗ്രാം ഉള്ള ഡ്രൈവിങ് ലൈസൻസ് കാർഡ് നൽകണമെന്നും മന്ത്രി പറഞ്ഞു. തനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ല എന്നുള്ള കാര്യവും മന്ത്രി ചൂണ്ടിക്കാട്ടി. തനിക്ക് വാഹനം ഓടിക്കാൻ അറിയില്ല. ലൈസൻസ് എടുക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. പുക പരിശോധന സർട്ടിഫിക്കറ്റുകൾ വ്യാജമായി നേടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പരിശോധന വ്യാപകമാക്കും. വ്യാജ സർട്ടിഫിക്കറ്റ് നേടിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡിലെ എ ഐ ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ല. വഴുതക്കാട് തൻ്റെ വീടിന് മുന്നിലെ ക്യാമറ ഒക്കെ പൊളിച്ചു കളഞ്ഞു. എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശിനി പദ്ധതിയിൽ ഒരു ദിവസം 2.5 കോടി രൂപയുടെ നഷ്ടം: മന്ത്രി സി പി ജോൺ


