കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു; നികുതി ഘടന നിശ്ചയിച്ചു

തിരുവനന്തപുരം: കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം വരുന്നു. മദ്യകമ്പനികളുടെ ആവശ്യം അംഗീകരിച്ചു. ഇന്നലെയാണ് നികുതി ഘടന നിശ്ചയിച്ചത്. നേരത്തെ എൽഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിൽപ്പന കേരളത്തിൽ ആരംഭിക്കാൻ സാധ്യത തുറന്ന് ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിൻ്റെ നികുതി ഘടന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
0.5% മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഈ വിഭാഗത്തിൽ വരുന്നത്. 0.5- 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120%, 10-20% വരെ വീര്യമുള്ളവയ്ക്ക് 175% എന്നിങ്ങനെയാണ് നികുതിഘടന. കഴിഞ്ഞ സർക്കാർ 2022-23ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യവിൽപ്പന അനുവദിച്ച് ചട്ടം ഭേദഗതി ചെയ്തിരുന്നെങ്കിലും നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86% വീര്യമുള്ള മദ്യം വിൽക്കുന്ന അതേ നികുതി നൽകേണ്ടിയിരുന്നതിനാൽ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റിരുന്നില്ല. പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ മദ്യം വിൽക്കാനായി നികുതി ഘടന പരിഷ്കരണത്തിന് കഴിഞ്ഞ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും വരുമാനനഷ്ട‌ം ചൂണ്ടിക്കാട്ടി സർക്കാർ അത് നിരസിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top