തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് എറണാകുളത്തും തൃശ്ശൂരും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. 4 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.അതേസമയം പത്തനംതിട്ട, കോട്ടയം ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ജൂൺ 21, 22 തീയതികളിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണിത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്


