തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയും. മികച്ച തിരക്കഥാകൃത്തിൻ്റെ പേരിന്റെ ഭാഗത്താണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മാറിവന്നത്.
49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകളെ കുറിച്ചുള്ള വിവരണത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിയ രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോയ്ക്ക് പകരമാണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ ഉപയോഗിച്ചത്. പേര് രാജേഷ് തില്ലങ്കേരി എന്ന് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 15ന് പുറത്തിറങ്ങിയ പിഎസ്‌സി ബുള്ളറ്റിനിലാണ് ഗുരുതര പിഴവ് സംഭവിച്ചിരിക്കുന്നത്. എന്നാൽ ജൂൺ ഒന്നിനും 15നും പുതിയ ബുള്ളറ്റിനുകൾ പ്രസിദ്ധീകരിച്ചിട്ടും ഫോട്ടോ മാറിയതിന് പിഎസ്‌സി തിരുത്ത് നൽകിയിട്ടില്ല.എന്നാൽ സംഭവത്തിൽ പിഎസ്‌സി തെറ്റ് സമ്മതിച്ചിട്ടുണ്ട്. ഉണ്ണി കെ ആർ സംവിധാനം ചെയ്‌ത ‘എ പ്രഗ്‌നൻ്റ് വിഡോ’ എന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയതിനാണ് രാജേഷ് തില്ലങ്കേരിക്ക് ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചത്.
മികച്ച തിരക്കഥാകൃത്ത് ‘ആകാശ് തില്ലങ്കേരി’;PSCബുള്ളറ്റിനിൽ അവാർഡ് ജേതാവിൻ്റെ ഫോട്ടോക്ക് പകരം പ്രതിയുടെ ചിത്രം


