നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ്റെ മരണം; സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നരവയസുകാരൻ അർഷിദിൻ്റെ മരണത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. മുത്തശ്ശിയുടെ പരാതിയിൽ സർക്കാർ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. ഹർജിയിൽ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേർത്തു. ഒരാഴ്‌ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശം നൽകി.
കുട്ടിയെ പീഡനത്തിന് ഇരയാക്കുന്നതായി അമ്മൂമ്മ വിളിച്ച് പറഞ്ഞിട്ടും വേണ്ട ഇടപെടൽ നടത്താതിരുന്ന ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ താൽക്കാലിക ജീവനക്കാരനെതിരെ മന്ത്രി ബിന്ദു കൃഷ്‌ണ നടപടിയെടുത്തിരുന്നു. കുഞ്ഞിൻ്റെ അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ വിളിച്ച് പരാതി പറഞ്ഞപ്പോൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഒന്നര വയസുകാരൻ പീഡനത്തിന് ഇരയായ വിവരം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്‌ദസന്ദേശവും പുറത്ത് വന്നിരുന്നു.കുഞ്ഞിന്റെ അമ്മൂമ്മ ഹെൽപ്പ്ലൈനിൽ വിളിച്ച് പറയുന്ന ശബ്‌ദസന്ദേശമാണ് പുറത്തുവന്നത്. അഖിലയുടെ അമ്മ റീനയാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ സമീപിച്ചത്. കുഞ്ഞിൻ്റെ രണ്ട് കൈകളും ഒടിഞ്ഞതിന് പിന്നാലെയാണ് നിസ്സഹായാവസ്ഥ റീന ഹെൽപ്പ് ലൈനിൽ വിളിച്ച് അറിയിച്ചത്. എന്നാൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളാകും എന്നായിരുന്നു ഹെൽപ്പ്ലൈനിൽ നിന്ന് അവർക്ക് ലഭിച്ച മറുപടി. മെയ് മൂന്നിനാണ് റീന ഹെൽപ്പ്ലൈനിലേക്ക് വിളിച്ചത്. 26-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്.മെയ് 29-നാണ് നെടുമങ്ങാട് ചോറ് കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് ഒന്നരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിൻ്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നു.വിശദമായ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ട്മായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്കർ മർദ്ദിച്ചിരുന്നതായി കുഞ്ഞിൻ്റെ അമ്മ അഖിലയും സമ്മതിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കൊലപാതകത്തിൽ അഖിലയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top