സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ് തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിന് പിന്നാലെ തിങ്കളാഴ്ചയും വില കുത്തനെ ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയും പവന് 1,800 രൂപ വർധിച്ച് 1,11,120 രൂപയുമാണ് തിങ്കളാഴ്ചത്തെ വിപണി നിരക്ക്. തൊട്ടുമുൻപത്തെ വ്യാപാര ദിനമായ ശനിയാഴ്ച പവന് 1,09,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
18 കാരറ്റ് നിരക്കിലും വർധനവ്
18 കാരറ്റ് സ്വർണവിലയിലും തിങ്കളാഴ്ച വലിയ വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 185 രൂപ വർധിച്ച് 11,415 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. പവൻ വില 91,320 രൂപയായി ഉയർന്നു. മറ്റു വിഭാഗങ്ങളിലും വിലയിൽ വർധനവ് പ്രകടമാണ്. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 145 രൂപ വർധിച്ച് 8,890 രൂപയായി (പവന് 71,120 രൂപ). ഒൻപത് കാരറ്റിന് ഗ്രാമിന് 90 രൂപ വർധിച്ച് 5,730 രൂപയിലുമാണ് (പവന് 45,840 രൂപ) തിങ്കളാഴ്ച്ച കച്ചവടം നടക്കുന്നത്.


