കണ്ണൂർ: പയ്യന്നൂർ സിപിഐഎമ്മിലെ വിഭാഗീയത തെരുവിലേക്കും. വിഭാഗീയത വ്യക്തമാക്കി നഗരത്തിൽ വീണ്ടും വ്യാപകമായി ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സിപിഐഎം പയ്യന്നൂർ ഏരിയാ നേതൃത്വത്തിനെതിരെയാണ് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഏരിയാ കമ്മിറ്റി പിരിച്ചുവിടണം എന്നാണ് ഫ്ളക്സ് ബോർഡിലെ ആവശ്യം. നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല പ്രസ്ഥാനത്തെയാണെന്നും ഫ്ളക്സ് ബോർഡിലുണ്ട്. ഏരിയാ സെക്രട്ടറി പി സന്തോഷ്, മുൻ എംഎൽഎ സി കൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് ഗുരുതര ആരോപണം.
ജില്ലാ കമ്മിറ്റി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പയ്യന്നൂരിൽ പാർട്ടി ഉണ്ടാവില്ലെന്നും ഏരിയാ നേതാക്കൾ വിഭാഗീയതയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നും ഫ്ളക്സിലുണ്ട്. കഴിഞ്ഞ ദിവസം വി കുഞ്ഞികൃഷ്ണന് അഭിവാദ്യം രേഖപ്പെടുത്തി ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് ഏരിയാ നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് സിപിഐഎം എന്ന പേരിലാണ് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം പി ജയരാജന് വേണ്ടിയും ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. കുഞ്ഞിമംഗലം തലായിമുക്കിലാണ് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങൾ’ എന്ന് എഴുതിയ ഫ്ളക്സാണ് വെച്ചത്. പി ജയരാജന്റെ ചിത്രം സഹിതമാണ് ഫ്ളക്സ്. നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഫ്ളക്സ് ബോർഡ് സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് സിപിഐഎം നേതൃത്വം നിർദേശിച്ചിരുന്നു. ഈ നിർദേശം തളളിക്കളഞ്ഞാണ് പുതിയ ഫ്ളക് ബോർഡ് ഉയർന്നിരിക്കുന്നത്. നേരത്തെയും നിരവധി തവണ പി ജയരാജനായി കണ്ണൂരിൽ ഫ്ളക്സുകൾ ഉയർന്നിരുന്നു.
‘സിപിഐഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടുക’; വിഭാഗീയത വ്യക്തമാക്കി നഗരത്തിൽ വീണ്ടും ഫ്ളക്സ് ബോർഡ്




