കാസർകോട്: ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ജോലി സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്. കാസർകോട് ജില്ലയിലെ ഹൈസ്കൂൾ പ്രഥമ അധ്യാപകർക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദേശം കൈമാറിയത്. ജോലിക്കിടയിൽ സ്കൂൾ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും ഇത് കുട്ടികളുടെ പഠനത്തെയും സ്വഭാവ രൂപീകരണത്തെയും സാരമായി ബാധിക്കുന്നുവെന്നും സൂചിപ്പിച്ച് വ്യാപക പരാതി ലഭിച്ചുവെന്നാണ് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് വിലക്ക്.
ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലാത്തപക്ഷം ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടുള്ളതല്ലെന്നും വിദ്യാഭ്യാസ ഓഫീസറുടെ സ്കൂൾ സന്ദർശന വേളയിൽ ഇത്തരത്തിലുള്ള പ്രവർത്തികൾ ശ്രദ്ധയിൽപ്പെടുത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
ക്ലാസ് മുറികളിൽ അധ്യാപകർ മൊബൈൽ ഉപയോഗവും സോഷ്യൽ മീഡിയ ഇടപെടലും ഒഴിവാക്കണം: ജില്ലാ വിദ്യാഭ്യാസ ഓഫീസർ


