തിരുവനന്തപുരം: കേരളത്തിൽ കനത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പല ജില്ലകളിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 41.1 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നും, വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. വയനാട്, ഇടുക്കി ഒഴികെ 12 ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
മുൻകരുതലുകൾ: സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ ഒഴിവാക്കാൻ രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്നുമണി വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.
കേരളത്തിൽ വേനൽച്ചൂട് രൂക്ഷം; അതീവ ജാഗ്രതാ നിർദ്ദേശം


