ആലപ്പുഴ: സംസ്ഥാനത്ത് പരക്കെ പാമ്പുകടിയേറ്റതായി റിപ്പോർട്ട്. കടിയേറ്റവരിൽ കുട്ടികളും മുതിർന്നവരുമുണ്ട്. പാമ്പു കടിയേറ്റുള്ള മരണങ്ങളും പരിക്കുമെല്ലാം ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. നാലു മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. അതിന് പിന്നാലെയാണ് പാമ്പുകടിയേറ്റുള്ള പരിക്കും. നാലുപേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കായംകുളത്ത് 15 വയസ്സുകാരിയും തോട്ടപ്പള്ളിയിൽ മധ്യവയസ്‌കനും ഒറ്റപ്പാലത്ത് അംഗൻവാടി ടീച്ചർക്കും വയനാട് ഒരു യുവാവിനും കടിയേറ്റു. കായംകുളം എരുവ സ്വദേശി സന്തോഷിൻ്റെ മകൾ അനാമിക (15) യ്ക്കാണ് വെള്ളിയാഴ്ച രാത്രി കടിയേറ്റത്. ഉടൻ തന്നെ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആൻ്റിവെനം നൽകി. നിലവിൽ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അനാമിക അപകടനില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു.
തോട്ടപ്പള്ളി സ്വദേശി സാലിക്കാണ് (51) അർധരാത്രിയോടെ പാമ്പുകടിയേറ്റത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാലക്കാട് ശ്രീകൃഷ്‌ണപുരത്ത് അംഗൻവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. അംഗൻ വാടി പരിസരം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. വിഷമില്ലാത്ത കുഴി മണലി വിഭാഗത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ കൊന്ന് കുപ്പിയിലാക്കിയിട്ടുണ്ട്. വിശാല(57)യ്ക്കാണ് കടിയേറ്റത്. ഇവരെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ച് ചിക്തസ നൽകി.സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റുള്ള നാല് മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് സ്ത്രീകളാണ് പാമ്പുകടിയേറ്റ് മരിച്ചത്. വിവാഹ സത്‌കാരത്തിനെത്തിയ കായംകുളം സ്വദേശിനി സലീന (42), കുട്ടനാട് വൈശ്യംഭാഗം സ്വദേശിനി ഇന്ദിര (65) എന്നിവർ.
നേരത്തെ തൃശൂരിലും തിരുവനന്തപുരത്തും പാമ്പുകടി മരണം റിപ്പോർട്ട് ചെയ്‌തിരുന്നു. മരിച്ചതാകട്ടെ എട്ടുവയസ്സുള്ള കുട്ടികളും. തൃശൂർ കടമ്പാട്ടെ ആൽജോയും, തിരുവനന്തപുരം ചിറയിൻകീഴിലെ ദിൽഷനും. ആൽജോയെ ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ദിൽഷനെ മൂർഖൻ പാമ്പും. പാമ്പിൻ്റെ കടിയേറ്റ ആൽജോയുടെ 10 വയസ്സുകാരനായ സഹോദരൻ അനോഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
വേനൽ കടുക്കുന്നതോടെ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും പരിസരങ്ങളിലേക്കും ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നു.
സംസ്ഥാനത്ത് പരക്കെ പാമ്പുകടി; നിരവധി പേർ ആശുപത്രിയിൽ


