നിതിൻ രാജിൻ്റെ മരണം; എം കെ റാമിന് മുൻകൂർ ജാമ്യമില്ല, സംഗീതയ്ക്ക് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാമിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി തള്ളി. ഒന്നാം പ്രതിയായ റാമിൻ്റെ വാദങ്ങൾ തള്ളിയ കോടതി മുൻകൂർ ജാമ്യം നിഷേധിക്കുകയായിരുന്നു. അതേസമയം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ, 2026 ഏപ്രിൽ 10-നാണ് ആത്മഹത്യ ചെയ്തത്.
തങ്ങൾക്ക് നിതിൻ്റെ മരണത്തിൽ പങ്കില്ലെന്നും, ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നുമാണ് ഡോ. റാം കോടതിയിൽ വാദിച്ചത്. ഒരു ഓൺലൈൻ ലോൺ ആപ്പിൽ നിന്നുള്ള ഭീഷണിയെത്തുടർന്നാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന പ്രധാന വാദം. സംഭവദിവസം താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഡോ. സംഗീതയും കോടതിയെ അറിയിച്ചു.
എന്നാൽ ജാതിയുടെയും നിറത്തിൻ്റെയും പേരിൽ ഡോ. റാം നിതിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം കോടതിയിൽ ഉന്നയിച്ചു. അധിക്ഷേപിച്ചവരുടെ ഫോട്ടോകൾ നിതിൻ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നുവെന്നും, ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കുടുംബത്തിന്റെ്റെ അറിവോടെ പരിഹരിക്കപ്പെട്ടതാണെന്നുമായിരുന്നു കുടുംബത്തിന്റെ വാദം.വ്യാഴാഴ്ച ഹർജിയിൽ വാദം പൂർത്തിയായതിനെത്തുടർന്ന് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. സംഭവത്തെത്തുടർന്ന് കോളേജ് മാനേജ്മെന്റ് ഡോ. റാമിനെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top