കണ്ണൂർ: കണ്ണൂർ ആലക്കോട് തിമിരിയിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകർക്കുനേരെ ബോംബെറിഞ്ഞ കേസിൽ സിപിഐഎം പ്രവർത്തകർക്ക് 25 വർഷം തടവ്. പഞ്ചായത്ത് അംഗം ഉൾപ്പെടെ 10 സിപിഐഎം പ്രവർത്തകർക്കാണ് 25 വർഷം തടവ്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2011 നവംബർ 27-നായിരുന്നു സംഭവം.
രണ്ടാംപ്രതി തൈക്കിനിയിൽ ടി വി ബിനു 25 വർഷം തടവ് അനുഭവിക്കണം. ഒൻപത് പേർ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി അതിനാൽ 10 വർഷം തടവാണ് അനുഭവിക്കേണ്ടിവരിക. എം കെ പ്രദീപ് കുമാർ, പി പി സത്യൻ, സിപിഐഎം പഞ്ചായത്തംഗം പി വി ബാബുരാജ്, ഇ കെ വിനോദ് കുമാർ, വിജയൻ, കെ പി സുരേഷ്, ടോബി, ശിവപ്രകാശ് തുടങ്ങിയവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിൽ പഞ്ചായത്തംഗമായ പി വി ബാബുരാജ് അയോഗ്യനാകും.2011 നവംബർ 27-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിമിരി അവർ കോളേജിന് സമീപത്തുവെച്ച് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കുനേരെ ബോംബെറിഞ്ഞതാണ് കേസ്. സംഭവത്തിൽ ഒൻപത് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തർക്കം നിലനിന്നിരുന്നു. ഇതേത്തുടർന്നാണ് ബോംബേറുണ്ടായത്.
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകരെ ബോംബ് എറിഞ്ഞ കേസ്; 10 സിപിഐഎം പ്രവർത്തകർക്ക് 25 വർഷം തടവ്


