സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സെൻസസ്

2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇത്തവണത്തേതെന്നും സെൻസസ് കമ്മീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ആദ്യഘട്ട സെൻസസ് ജൂണിൽ ആരംഭിക്കും.
സെൽഫ് എന്യൂമേറേഷന് ജൂൺ 16 മുതൽ ജൂൺ 30വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30വരെ സെൻസസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും.
ആദ്യ ഘട്ടത്തിൽ ഭവന സെൻസസ് ആണ് നടക്കുക. ഇതിൽ താമസസൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ ആസ്‌തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. ഓരോ കുടുംബത്തിലെയും വ്യക്തികളുടെ ജനസംഖ്യാപരമായ വിവരങ്ങൾ, സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം, സാമ്പത്തിക നിലവാരം, കുടിയേറ്റം, പ്രത്യുൽപ്പാദന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഘട്ടത്തിൽ ശേഖരിക്കും.

ജാതി സെൻസസ് രണ്ടാം ഘട്ടത്തിൽ
സെൻസസിൻഖെ രണ്ടാം ഘട്ടത്തിലായിരിക്കും ജാതി സെൻസസ് നടപ്പിലാക്കുക. സെൻസസ് നടപടികളുടെ ആകെ ചിലവിനായി 11,718.24 കോടി രൂപയാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. ഒന്നാം ഘട്ടത്തിനായുള്ള പ്രാഥമിക പരിശോധന 2025 നവംബറിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തി. ഒന്നാം ഘട്ടത്തിനായുള്ള മാർഗനിർദേശം 19 ഭാഷകളിൽ തയ്യാറാക്കിയിട്ടുണ്ട്. സെൻസസ് പൂർണമായും ഡിജിറ്റൽ രൂപത്തിലാണ്.
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണിത്. വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക മൊബൈൽ ആപ്പും സെൽഫ് ഇന്യൂമറേഷൻ പോർട്ടലും ഉണ്ടാകും. ആദ്യ ഘട്ടം ഏപ്രിൽ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30ഓടെ പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ ഓരോ കുടുംബത്തോടും 33 ചോദ്യങ്ങൾ ചോദിക്കും. വീടിൻറെ നിർമ്മാണ രീതി, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, വീട്ടിലുള്ള വാഹനങ്ങൾ, ഇൻ്റർനെറ്റ്‌ ലഭ്യത എന്നിവ ഇതിൽ ഉൾപ്പെടും. വ്യക്തിവിവരങ്ങൾ രഹസ്യമായിരിക്കും, എസ്ഐആറുമായി ബന്ധമില്ല. സെൻസസ് സമയത്ത് ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായിരിക്കും. വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങൾ ലഭിക്കില്ല. കോടതികൾക്ക് മുമ്പാകെ തെളിവായി ഹാജരാക്കാനും സാധിക്കില്ല. സെൻസസ് സമയത്ത് ഒരു രേഖയും നൽകേണ്ടതില്ല. സെൻസസിനായിയുള്ള മൊബൈൽ ആപ്പ് 16 ഭാഷകളിൽ ലഭ്യമാകും. സെൻസസിൽ പങ്കെടുക്കാനും കൃത്യമായ വിവരങ്ങൾ നൽകാനും എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുകയാണെന്നും സെൻസസ് കമ്മീഷണർ പറഞ്ഞു.സെൻസസ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിന് പ്രത്യേക വെബ് പോർട്ടൽ സജ്ജീകരിക്കും.അത്യാധുനിക വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിക്കും. 31 ലക്ഷം എന്യൂമറേറ്റർമാരെയാണ് 2027ലെ സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിൻറെ കാര്യത്തിൽ?നിലവിൽ തീരുമാനമില്ല. സെൻസസും എസ്ഐആറും തമ്മിൽ ബന്ധമില്ലെന്നും ലിവിങ് ടുഗദർ ദമ്പതികളെയും സെൻസസിൽ വിവാഹിതരായി പരിഗണിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top