തിരുവനന്തപുരം: ശമ്പള വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തി വരുന്ന സമരം ഫലം കണ്ടു തുടങ്ങുന്നു. കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കിംസ്) നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തി. മാനവീയം വീഥി കൺവെൻഷൻ വേദിയിലാണ് ചെയർമാൻ ശമ്പള വർധനവ് അറിയിച്ചത്. ഒപ്പം നിന്ന് അഹോരാത്രം പ്രവർത്തിക്കുന്നവരാണ് നഴ്സുമാർ എന്നും ആവശ്യങ്ങൾക്ക് വേണ്ടി അവർ സമരം ചെയ്യുമ്പോൾ കണ്ടില്ലെന്ന് നടിക്കാൻ ആകില്ലെന്നും കിംസ് സിഇഒ യാസിൻ ഫർഹാൻ പറഞ്ഞു.
തങ്ങൾക്ക് മാത്രമായി തീരുമാനം നടപ്പിലാക്കാൻ സാധിക്കുമോയെന്ന് അറിയില്ല. പൊതുവായ തീരുമാനം ഉണ്ടാകണം. നഴ്സുമാർ ഇല്ലാതെ ആശുപത്രികൾ നടത്താൻ കഴിയില്ല. മിനിമം വേജസ് ആക്ട് പ്രകാരം സർക്കാർ ഉടൻ വിജ്ഞാപനം ഇറക്കണം. കൊല്ലം കരുനാഗപ്പള്ളിയിലും കണ്ണൂരിലും ആണ് കിംസ് പ്രവർത്തിക്കുന്നത്. മാലാഖമാരുടെ വീട്ടിലും കഞ്ഞിവെക്കണം എന്നും യാസിൻ ഫർഹാൻ പറഞ്ഞു.
നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; തീരുമാനമറിയിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്


