ഹണിട്രാപ്പിൽ കുടുക്കാൻ വിളിച്ചുവരുത്തി; ലൈംഗികബന്ധത്തിന് വിസമ്മതിച്ച യുവാവിനു ക്രൂരമർദനം

കൊച്ചി: അടുപ്പം നടിച്ച് ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്കു വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു. ഹണിട്രാപ്പിൽ കുടുക്കാൻ യുവാവിനെ വിളിച്ചു വരുത്തിയ യുവതി ഉൾപ്പെടെയുള്ള അഞ്ചംഗസംഘം, ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചപ്പോഴാണ് മർദിച്ചത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഒന്നാം പ്രതി സഫ്‌ ഉൾപ്പെടെ മൂന്നു പേർ ഒളിവിലാണ്.ഈ മാസം 22നായിരുന്നു സംഭവം. സമൂഹമാധ്യമത്തിലൂടെ കുറച്ചു കാലമായി പരിചയമുള്ളവരാണ് കൊല്ലം നല്ലില സ്വദേശിയായ യുവാവും സഫയും. സംഭവദിവസം വൈകിട്ട് ഒരുമിച്ചു പുറത്തു പോകാമെന്ന് തീരുമാനിച്ചെങ്കിലും യുവതി പനമ്പിള്ളി നഗർ സൗത്ത് പാലത്തിനടുത്തുള്ള ഹോട്ടലിലേക്ക് യുവാവിനെ ക്ഷണിക്കുകയായിരുന്നു. വൈകിട്ട് ആറരയോടെ യുവാവ് ഹോട്ടലിലെത്തി. ഈ സമയം ശുചിമുറിയിൽ ഒളിച്ചിരുന്ന രണ്ടു പേരും പുറത്തു നിന്നെത്തിയ രണ്ടു പേരും കൂടി മാരകായുധങ്ങളുമായി യുവാവിനെ ആക്രമിക്കുകയായിരുന്നു.യുവാവിനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കി സഫ്‌നയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനു വിസമ്മതിച്ചതോടെ പ്രതികൾ മാറിമാറി യുവാവിൻ്റെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. ഇതിനിടെ കൂട്ടത്തിലൊരാൾ ടോർച്ച് ഉപയോഗിച്ച് യുവാവിന്റെ വലതുകൈപ്പത്തിക്ക് അടിച്ചു. തലയ്ക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഇടതുകൈ കൊണ്ട് യുവാവ് തടഞ്ഞു. യുവാവിൻ്റെ നഗ്നചിത്രങ്ങൾ പ്രതികൾ പകർത്തിയതായി എഫ്ഐആറിൽ പറയുന്നു. നട്ടെല്ലിനു പരുക്കേറ്റ യുവാവ് ചികിത്സയിലാണ്.24ന് വൈകിട്ടാണ് യുവാവ് കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. സംസാരശേഷിയില്ലാത്ത യുവാവിനോട് ആംഗ്യഭാഷാ വിദഗ്ധയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻസ് 127 (2), 351 (2), 118 (1), 110, 189 (4), 296 (ബി) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വകുപ്പ് 92 (എ) പ്രകാരവും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സഫ‌ അടക്കമുള്ള പ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top