സ്വർണവിലയിൽ വൻ മുന്നേറ്റം; പവന് രാവിലെ 1520ന്റെ കുതിപ്പ്, ഇനി എല്ലാ കണ്ണുകളും ട്രംപിലേക്കും ഇറാനിലേക്കും

സ്വർണവില വീണ്ടും വൻ മുന്നേറ്റത്തിൽ. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 190 രൂപ വർധിച്ച് വില 14,790 രൂപയായി. പവന് 1,520 രൂപ മുന്നേറി 1,18,320 രൂപ. പകരംതീരുവക്കേസിൽ ട്രംപ് സുപ്രീം കോടതിയിൽ തോറ്റതിന് പിന്നാലെയാണ് സ്വർണക്കുതിപ്പ്.
കേസിൽ തോൽക്കുകയും തീരുവകൾ അസാധുവാകുകയും ചെയ്‌തതിന് പിന്നാലെ ട്രംപ് 15% ആഗോള തീരുവ എല്ലാ രാജ്യങ്ങൾക്കുമേലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ കൂടുതൽ തീരുവകൾ കൂടി വരുമെന്ന് ട്രംപ് പറഞ്ഞതോടെ ആഗോള സമ്പദ്‌രംഗത്ത് ആശങ്കയും അനിശ്ചിതത്വവും അലയടിക്കുകയാണ്.ഇതോടെ സ്വർണത്തിന് വീണ്ടും ‘സുരക്ഷിത നിക്ഷേപ’ പെരുമ കിട്ടിയതാണ് വില കുതിക്കാൻ വഴിയൊരുക്കിയത്; വെള്ളിക്കും ഇതേ കരുത്ത് കിട്ടി. ഗോൾഡ്, സിൽവർ ഇടിഎഫുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുക്ക് ശക്തം. സ്വർണത്തിന്റെ രാജ്യാന്തരവില ഔൺസിന് 102 ഡോളർ ഉയർന്ന് 5,160 ഡോളറായി. യുഎസ് ഓഹരികളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളും തളർന്നതും സ്വർണത്തിന് ഊർജമായി. ഇതിനിടെ, ഇറാൻ-യുഎസ് സംഘർഷ സാധ്യത നിലനിൽക്കുന്നതും റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ കലുഷിതമാകുന്നതും സ്വർണത്തിനാണ് ഗുണം ചെയ്യുന്നത്.ഇറാനും യുഎസും ഈയാഴ്‌ച വീണ്ടും ആണവ ചർച്ചയിലേക്ക് കടക്കുമെന്ന് മധ്യസ്‌ഥത വഹിക്കുന്ന ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധം വേണ്ടെന്ന നിലപാടിലേക്ക് ഇരുരാജ്യങ്ങളും എത്തിയാൽ സ്വർണവില കുറഞ്ഞുതുടങ്ങു തീരുമാനം മറിച്ചാണെങ്കിൽ സ്വർണത്തെ കാത്തിരിക്കുന്നത് പുതിയ കുതിപ്പായിരിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top