കൊൽക്കത്ത: മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ റോയ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
യൂത്ത് കോൺഗ്രസിലൂടെയായിരുന്നു മുകുൾ റോയിയുടെ രാഷ്ട്രീയ പ്രവേശം. 1998ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുമ്പോൾ മമത ബാനർജിയുടെ വലംകൈയ്യായി നിന്ന നേതാവായിരുന്നു മുകുൾ റോയ്. 2011ൽ 34 വർഷം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിക്കുന്നതിലും അതിന് ശേഷം തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു.തൃണമൂൽ കോൺഗ്രസ് അതിൻ്റെ സ്വാധീനം വർധിപ്പിച്ചതോടെ ദേശീയ തലസ്ഥാനത്തെ പാർട്ടിയുടെ മുഖമായിരുന്നു മുകുൾ റോയ്. 2006ൽ രാജ്യസഭാംഗമായി. 2009 മുതൽ 2012 വരെ രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിൻ്റെ കക്ഷി നേതാവായിരുന്നു. ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യനെന്നായിരുന്നു മുകുൾ റോയ് അറിയപ്പെട്ടിരുന്നത്.ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പേര് വന്നതോടെ പാർട്ടിയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നു. മമത ബാനർജി മുകുളിനെ പരിഗണിക്കാതെയായി. 2017ൽ മുകുൾ റോയ് താൻ മുന്നിൽ നിന്ന് രൂപീകരിച്ച തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. അടുത്ത വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏവരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി 18 സീറ്റുകൾ നേടി. ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം മുകുൾ റോയ് ആണെന്ന് രാഷ്ട്രീയ രംഗത്തെ ഏവരും അംഗീകരിച്ചു.2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുകുൾ റോയ് കൃഷ്‌ണനഗർ മണ്ഡലത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള കാലത്ത് ബിജെപിയുമായുള്ള മുകുൾ റോയുടെ ബന്ധം അത്ര നല്ലതായിരുന്നില്ല. 2021 ജൂണിൽ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി.
34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച തന്ത്രജ്ഞൻ, ബംഗാൾ രാഷ്ട്രീയത്തിലെ ചാണക്യൻ; മുകുൾ റോയ് അന്തരിച്ചു


