പരിയാരം: ഗർഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ്ജ് ചെയ്യാൻ പറ്റില്ലെന്ന ജീവനക്കാരുടെ നിലപാടിൽ പ്രതിഷേധിച്ചു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലേബർ റൂം അടിച്ചു തകർത്തു. സംഭവത്തിൽ കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദി (24)നെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. റാഷിദിൻ്റെ ഭാര്യയെ പ്രസവത്തിനായി ലേബർ റൂമിൽ കയറ്റിയതായിരുന്നു. ഇതിനിടയിൽ എത്തിയ റാഷിദ് ഭാര്യയെ ഉടനെ ഡിസ്ചാർജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. എന്നാൽ ഡോക്ടർമാരുടെ അനുമതി ഇല്ലാതെ ഡിസ്ചാർജ്ജ് ചെയ്യാൻ കഴിയില്ലെന്നു ജിവനക്കാർ റാഷിദിനെ അറിയിച്ചു. ഇതിൽ പ്രകോപിതനായ റാഷിദ് ബഹളം വയ്ക്കുകയും നഴ്സിംഗ് ഓഫീസർ സനിലയെ ചീത്ത വിളിക്കുകയും ലേബർ റൂമിൻ്റെ വാതിലുകളും ഫർണ്ണിച്ചറുകളും അടിച്ചു തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. സുരക്ഷാ ജീവനക്കാരും വിവരം അറിഞ്ഞ് എത്തിയ പരിയാരം പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് അക്രമം കാണിച്ച യുവാവിനെ കീഴടക്കിയത്. പരിക്കേറ്റ റാഷിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ശനിയാഴ്ച്ച )അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
ഗർഭിണിയായ ഭാര്യയെ ഡോക്ടർമാരുടെ അനുമതിയില്ലാതെ ഡിസ്ചാർജ്ജ് ചെയ്തില്ല; പരിയാരം മെഡിക്കൽ കോളേജിലെ ലേബർ റൂം അടിച്ചു തകർത്തു, കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ


