ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും നൽകിയിട്ടുള്ള ജാമ്യ ഹർജികളിലാണ് വിധി പറയുക. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും തന്ത്രി ഇടപെട്ടിട്ടില്ല എന്നതാണ് പ്രതിഭാഗം വാദം. പ്രത്യേക അന്വേഷണ സംഘം തന്ത്രിക്കെതിരായി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തന്ത്രിയുമായി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് അടുത്ത ബന്ധമെന്നാണ് പ്രോസിക്യൂഷൻ വാദം. SIT റിപ്പോർട്ട് മുൻനിർത്തി തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ അടക്കം കോടതിക്ക് മുൻപാകെ വെച്ചിരുന്നു. പിന്നാലെയാണ് ഇന്ന് വിജിലൻസ് കോടതി ജാമ്യഹർജികളിൽ വിധി പറയുന്നത്. വിജിലൻസ് കോടതി ജാമ്യം തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.അതേസമയം, ആഗോള അയ്യപ്പ സംഗമ കണക്കിൽ വ്യക്തത വരുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടാസ്ക്‌ക് ഫോഴ്‌സ് ഇന്ന് മുതൽ കണക്കുകൾ പരിശോധിക്കും. ദേവസ്വം കമ്മീഷണർ,അക്കൗണ്ട് ഓഫീസർ,ചീഫ് എഞ്ചിനിയർ എന്നിവർ അടങ്ങുന്നതാണ് ടാസ്ക് ഫോഴ്സ്. ചെലവ് സംബന്ധിച്ച് ബില്ലുകളും വിലയിരുത്തും. അടുത്ത 8 ദിവസത്തിനകം കണക്കിൽ വ്യക്തത വരുത്താനാണ് ഇന്നലെചേർന്ന ദിവസം ബോർഡ് യോഗത്തിൻ്റെ നിർദേശം. കരാർ നൽകിയ ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയെയും, ഓഡിറ്ററുമായും ചർച്ച ചെയ്‌താകും കണക്ക് അന്തിമമാക്കുന്നത്. ഊരാളുങ്കൽ നൽകിയ ഉപകരാറുകളും പരിശോധിക്കാനാണ് തീരുമാനം.
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യഹർജിയിൽ വിധി ഇന്ന്


