ആലിൻ ജീവിക്കും ശ്രേയയിലൂടെ; വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

മലയാളക്കരയുടെ നോവും അഭിമാനവുമായി മാറിയ ആലിൻ എന്ന പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്കകൾ പത്ത് വയസുകാരി ശ്രേയയ്ക്ക് നൽകിയത് പുതുജീവിതം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് ശസ്ത്രക്രിയ പൂർത്തിയായത്. കിംസിൽ നടക്കുന്ന കരൾ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. ഇതുവരെ യാതൊരു പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് വിവരം. ആറ് മാസം പ്രായമുള്ള ഡ്രിയ എന്ന കുഞ്ഞിനാണ് കരൾ ലഭിക്കുന്നത്. നെയ്യാറ്റിൻകര സ്വദേശിയാണ് ഡ്രിയ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിനും സ്വീകർത്താവായി ഡ്രിയയും മാറുകയാണ്. ഇന്നലെ രാത്രിയോടെ റോഡ് മാർഗമാണ് ആലിന്റെ അവയവങ്ങൾ എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. മൂന്നേകാൽ മണിക്കൂറുകൾ കൊണ്ടാണ് അവയവങ്ങൾ എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ദാതാവായ ആലിനിലൂടെ 4 പേർക്കാണ് പുതുജീവൻ ലഭിക്കുക. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറിയ ആലിന്റെ ഭൗതിക ശരീരത്തിന് ആദരം അർപ്പിച്ച ശേഷമാണ് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറിയത്.പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ പിതാവ് അരുണിനും മാതാവ് ഷെറിനും ഉറ്റവർക്കുമേറ്റ വേദനയ്ക്കൊപ്പം നിൽക്കുകയും ആ കുടുംബത്തിൻ്റെ തീരുമാനത്തിന് നന്ദി പറയുകയും ചെയ്യുകയാണ് മലയാളക്കര. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുതിക്കുന്ന ആംബുലൻസിന് വേഗം ചോരാതിരിക്കാൻ ഈ നാട് ഒട്ടാകെ വഴിയൊരുക്കി. ഹൃദയത്തിന്റെ വാൽവും കരളും വൃക്കകളും തന്നോളം പോകുന്നവർക്ക് സമ്മാനിക്കാൻ തിരുവനന്തപുരം വരെ നീളുന്ന യാത്രയാണ് ഇന്നലെ രാത്രിയോടെ നടന്നത്. കണ്ണുകളിലൂടെ ഇനിയും കാഴ്ചകൾ കാണട്ടെ എന്ന് അവളുടെ മാതാപിതാക്കൾ നുറുങ്ങുന്ന വേദനയിലും തീരുമാനമെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top