കൊച്ചി: എളമക്കരയിൽ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നുവെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചത്, എവിടെ വച്ചാണ് പീഡനം നടന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
മകൾ പീഡനത്തിന് ഇരയായ വിവരം അറിയില്ലെന്നാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മ പൊലീസിൽ മൊഴി നൽകിയത്. കഴിഞ്ഞമാസം 16നാണ് എളമക്കരയിൽ അച്ഛനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരേയും മരിച്ചനിലയിൽ കാണുന്നത്. തൂങ്ങി മരിച്ച നിലയിലായിരുന്നു അച്ഛൻ്റെ മൃതദേഹം. വിഷം ഉള്ളിൽ ചെന്ന നിലയിലായിരുന്നു മകളുടെ മൃതദേഹം.
തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മുറിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ഇത് ഗൈനക്കോളജിസ്റ്റിന് കൈമാറുകയും ചെയ്‌തിരുന്നു. അന്തിമ റിപ്പോർട്ടിലാണ് കുട്ടി ഒരു വർഷമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുന്നത്.
മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം; പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


