ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിന് സ്വാഭാവിക ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിന് ജാമ്യം. വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയായിരുന്നു എൻ വാസു ജാമ്യം തേടിയത്. കട്ടിളപ്പാളിക്കേസിലെ മൂന്നാം പ്രതിയാണ് എൻ വാസു. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യനീക്കം. ശബരിമല കട്ടിളപ്പാളികൾ ആദ്യമായി ചെമ്പാണെന്ന് രേഖപ്പെടുത്തിയത് എൻ വാസു ദേവസ്വം ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ചിൽ ബോർഡ് ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈയിൽ കട്ടിളപ്പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറിയായിരുന്ന എസ് ജയശ്രീയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പാളികൾ കടത്തിയെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്നും അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെയാണ് പ്രതി ചേർത്തത്.2019 നവംബർ മുതൽ രണ്ടുവർഷമാണ് എൻ വാസു ദേവസ്വം ബോർഡ് പ്രസിഡന്റായി പ്രവർത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതൽ 2019 മാർച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവർത്തിച്ചു. പി കെ ഗുരുദാസൻ എക്സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്‌സണൽ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top