തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവില്‍ തൃക്കരിപ്പൂരില്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രകടനവുമായി യൂത്ത് ലീഗ്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ഓഫീസ് താഴിട്ട് പൂട്ടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തൃക്കരിപ്പൂർ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥിരം സമിതി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മുസ്ലീം ലീഗും യൂത്ത് ലീഗും രണ്ട് തട്ടിലായത്. യൂത്ത് ലീഗ് നേതാവ് ഫായിസ് ബീരിച്ചേരിയെ സ്ഥിരം സമിതി ചെയർമാനാക്കണമെന്നായിരുന്നു യൂത്ത് ലീഗിന്റെ ആവശ്യം. ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധമുയർത്തി. നേതാക്കള്‍ ചർച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി തൃക്കരിപ്പൂർ ബസ്റ്റാൻഡിനടുത്ത് പ്രവർത്തിക്കുന്ന മുസ്ലിം ലീഗ് ഓഫീസായ സി.എച്ച് മുഹമ്മദ് കോയ മന്ദിരം താഴിട്ട് പൂട്ടി. ലീഗ് നേതാക്കളെത്തി പൂട്ട് പൊളിച്ച് പ്രശ്നം ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്നുറപ്പ് നല്കി. എന്നാല്‍ ചർച്ചയ്ക്കെത്തിയ നേതാക്കള്‍ ടി.എസ് നജീബിനെ സ്ഥിരം സമിതി ചെയർമാനായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ തങ്കയം, ബീരിച്ചേരി ഭാഗത്തു നിന്നെത്തിയ യൂത്ത് ലീഗ് നേതാക്കള്‍ ഇരട്ടപ്പൂട്ടിട്ട് ഓഫീസ് അടച്ചു. സംഭവത്തില്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ മുസ്ലിം ലീഗ് നേതൃത്വം നടപടിയെടുത്തു. ഇതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളുടെ ചിത്രം പതിച്ച കോലമേന്തി പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. കഴിഞ്ഞ തവണ രണ്ട് കാലയളവിലായി പ്രസിഡണ്ടായിരുന്ന സത്താർ വടക്കുമ്പാടും, വി.കെ ബാവയും തമ്മില്‍ വലിയ തർക്കം നിലനില്‍ക്കുന്നുണ്ട്. സത്താർ വടക്കുമ്പാടിന്റെ നോമിനിയാണ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുത്ത സാജിദ സഫറുള്ള. വി.കെ ബാവ പക്ഷക്കാരനായ ഫായിസ് ബീരിച്ചേരി സ്ഥിരം സമിതി ചെയർമാനാവുന്നത് തടയാൻ ബന്ധുവായ നജീബിനെ സ്ഥിരം സമിതി അധ്യക്ഷനാക്കിയെന്നാണ് ആരോപണം ഉയരുന്നത്.
തൃക്കരിപ്പൂരില്‍ മുസ്ലിംലീഗ് യൂത്ത് ലീഗ് പോര് മുറുകുന്നു


