അധ്യാപക നിയമനത്തിൽ കെ-ടെറ്റ് യോഗ്യത പരീക്ഷയിൽ നിലനിർത്തിയ ഇളവുകൾ പിൻവലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പിഎച്ച്ഡി നേടിയവർക്ക് ഇളവുകൾ നൽകിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്. സുപ്രീംകോടതി വിധി അവഗണിച്ച് ഇളവ് നിലനിർത്തിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പിഴവ് തിരുത്തി സർക്കാർ ഉത്തരവ് ഇറക്കിയത്.അധ്യാപകർക്കുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റ് വിജയിച്ചാൽ മാത്രമെ ഇനി സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപക നിയമനം ലഭിക്കു. ഒടുവിൽ സുപ്രീംകോടതി വിധി അംഗീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായി. എം.എഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പിഎച്ച്ഡി നേടിയവർക്ക് കെ- ടെറ്റ് വേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും എം.എഡ്, സെറ്റ്, നെറ്റ്, എം ഫിൽ, പിഎച്ച്ഡി നേടിയവർക്ക് കെ-ടെറ്റ് യോഗ്യത പരീക്ഷ വിജയിക്കേണ്ടതില്ലെന്ന ഇളവ് നിലനിർത്തി പോവുകയായിരുന്നു. ഇതേതുടർന്ന് പിഎസ്സി കഴിഞ്ഞ മാസങ്ങളിൽ പുറത്തിറക്കിയ അധ്യാപക നോട്ടിഫിക്കേഷനിലും ഇളവ് നിലനിർത്തിയിരുന്നു. സുപ്രീംകോടതി വിധി അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തിരുത്തിയതോടെ ഇനി പിഎസ്സിയും തിരുത്തേണ്ടി വരും. നേരത്തെ ഇറക്കിയ പിഎസ്സി നോട്ടിഫിക്കേഷനുകൾ വീണ്ടും മാറ്റി പുറത്തിറക്കാനും സാധ്യതയുണ്ട്.
അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയിൽ നിലനിർത്തിയ ഇളവുകൾ പിൻവലിച്ചു


