വീടിന്റെ പിൻഭാഗത്തെ ഷെഡിൽ വിൽപ്പന; 36 വിദേശ മദ്യ കുപ്പികളുമായി യുവതി പിടിയിൽ

മലപ്പുറം: 34 ലിറ്റർ വിദേശ മദ്യവുമായി യുവതി എക്സൈസിൻ്റെ പിടിയിലായി. ചുങ്കത്തറ സ്വദേശിനി ബേബിയെ (38) ആണ് നിലമ്പൂർ എക്സൈസ് അറസ്റ്റ് ചെയ്‌തത്‌. ഇവരുടെ വീടിന്റെ പിൻഭാഗത്ത് മദ്യവിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ബിജു പി എബ്രഹാമും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിൻ്റെ പരിസരങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു മദ്യ കുപ്പികൾ. 36 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യ കുപ്പികളാണ് എക്സൈസ് സംഘം ഇവിടെ നിന്നും കണ്ടെടുത്തത്. അബ്‌കാരി നിയമം 55 എ, 55 ഐ, 13 വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഘം പരിശോധനയ്ക്ക് എത്തിയ സമയം ബേബിയുടെ വീടിന്റെ പിൻഭാഗത്തെ ഷെഡിൽ മദ്യ വിൽപന നടത്തുകയായിരുന്നു. പുതുവത്സര വിപണി ലക്ഷ്യമിട്ടാണ് ബേബി ഇത്രയധികം മദ്യം സൂക്ഷിച്ചതും വിൽപന നടത്തിയതും. ക്രിസ്‌മസ്, പുതുവത്സര പ്രത്യേക പരിശോധനയുടെ ഭാഗമായാണ് എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രിവൻ്റീവ് ഓഫീസർ സി കെ റം ഷുദിൻ, സി ഇ ഒ മാരായ ആബിദ്, വിഷ്‌ണുജിത്ത്, ഡബ്ല്യു സി ഇ ഒ ഷീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top