പക്ഷിപ്പനിയിൽ ആശ്വാസം; അണുനശീകരണം പൂർത്തിയായി, നിരീക്ഷണ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

ആലപ്പുഴ പക്ഷിപ്പനി സ്‌ഥിരീകരിച്ചതിനെ തുടർന്നു നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി പ്രഭവ കേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇന്നലെയോടെ പിൻവലിച്ചത്. രോഗ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കള്ളിങ് (ശാസ്ത്രീയമായ കൊന്നൊടുക്കൽ) നടത്തിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണവും ഇന്നലെ പൂർത്തിയായി. ഇതോടെയാണു നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നതു നിരോധിച്ച ഉത്തരവ് തുടരും. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.തുടർന്നു ശീതീകരിച്ച മാംസത്തിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഹോട്ടൽ, കോഴി വ്യാപാര മേഖലകളെ സാരമായി ബാധിച്ചിരുന്നു. കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ 30ന് കടയടച്ചു പണിമുടക്കും നടത്തിയിരുന്നു. നിയന്ത്രണങ്ങളിൽ ഇളവ് വന്നതു വ്യാപാരികൾക്കു ഗുണകരമാകും. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പള്ളിപ്പാട് പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസം പക്ഷികൾ ചത്തുവീഴുന്നതായി കണ്ടെത്തിയെങ്കിലും പരിശോധനാഫലം എത്താത്തതിനാൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top