ശബരിമല മണ്ഡല പൂജ തുടങ്ങി

ശബരിമല: ശബരിമല മണ്ഡല പൂജ മഹോത്സവം അൽപ്പ സമയത്തിനുള്ളിൽ നടക്കും. ശബരിമലയും പരിസരവും ഭക്തസഹസ്രങ്ങളെക്കൊണ്ടു നിറഞ്ഞു. 10.10നും 11.30നുമിടയിലാണ് മണ്ഡലപൂജ. തങ്ക അങ്കി ചാർത്തിയ ധർമ്മ ശാസ്ത‌ാവിനെ ഇന്നു രാത്രി ദീപാരാധനവരെ ഭക്തജനങ്ങൾക്കു ദർശിക്കാനാവും. രാത്രി 11 മണിക്കു അടക്കുന്ന നട മകരവിളക്കു മഹോത്സവത്തിനു 30നു വീണ്ടും തുറക്കും.
ഈശ്വര ചിന്തയാണ് ശാശ്വതമെന്നറിയുന്ന ഭക്തസഹസ്രങ്ങൾ അണമുറിയാതെ സന്നിധാനത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. മണ്ഡലപൂജ മഹോത്സവത്തിന് അഖിലാണ്ഡനായകനെ അണിയിക്കുന്നതിനു തങ്ക അങ്കി ഘോഷയാത്രയായി ഇന്നലെ ശബരിമലയിൽ എത്തിച്ചു.
സർവ്വാഭരണ ഭൂഷിതനായ ശാസ്‌താവിനെ ഒരു നോക്കു കാണാൻ കാത്തു നിന്ന ഭക്തജനങ്ങൾ രാത്രി അയ്യപ്പനെ വണങ്ങി സായൂജ്യമണിഞ്ഞു.
സകല സുഖഭോഗങ്ങളും സുഖങ്ങളും സ്വാർത്ഥതയും ചിന്തയിൽ നിന്നും പ്രവൃത്തിയിൽ നിന്നും ജീവിതത്തിൽ നിന്നു പരിത്യജിച്ചാണ് അയ്യപ്പ ഭക്തർ ശബരിമല ദർശനത്തിനെത്തുന്നത്. ഈ മനസും, ഈ ജീവിതവും ജീവിതാന്ത്യം വരെ തുടരാനുള്ള മനശക്തിയും അനുഗ്രഹവുമാണ് ഭക്തന്മാർ അയ്യപ്പനോടു പ്രാർത്ഥിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top