സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു.സബ്സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്. ഓണക്കാലത്തെ ഇടപെടൽ കണ്ടതാണ്. 386 കോടിയുടെ വിൽപ്പന സപ്ലൈകോ വഴി ഉണ്ടായി. 6 ജില്ലകളിൽ പ്രത്യേക ക്രിസ്‌മസ് ഫെയറുണ്ടാകും. 25 രൂപ നിരക്കിൽ 20 കിലോ അരി ലഭിക്കും. ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക്കേ.ന്ദ്രം ഗോതമ്പ് നൽകിയിരുന്നില്ല. സംസ്ഥാനത്തിന്റെ നിരന്തരമായ ഇടപടൽ മൂലം ഗോതമ്പ് ലഭിച്ച് തുടങ്ങി. ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ക്രിസ്മസ്- പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഓഫറുമായി സപ്ലൈക്കോ. ജനുവരി ഒന്ന് വരെയാണ് സപ്ലൈകോ ക്രിസ്‌മസ്- പുതുവത്സര ഫെയർ നടക്കുക.ഫെയറുകളിൽ കിലോ ഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരി ലഭ്യമാകും.
500 രൂപയ്ക്ക് മുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങിയാൽ ഒരു കിലോ ശബരി ഉപ്പിന് ഒരു രൂപ നൽകിയാൽ മതി. കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതൽ ലഭിക്കും. 500 രൂപയാണ് കിറ്റിൻ്റെ വില. പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക.ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50% വരെ വിലക്കുറവുണ്ടായിരിക്കും. പ്രമുഖ ബ്രാൻഡുകളുടെ 280 ൽ അധികം ഉത്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കും. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകൾ ഉണ്ടാകുക. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറായി മാറും. ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കിയിട്ടണ്ട്.
1000 രൂപയ്ക്ക് സബ്‌സിഡി സാധനങ്ങൾ വാങ്ങുമ്പോൾ കൂപ്പൺ വഴി 50 രൂപ ഡിസ്കൗണ്ട് ലഭിക്കും. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങൾക്കും കൂപ്പണുകൾ ലഭ്യമാകും. ക്രിസ്‌മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് സാധനങ്ങൾ വിലക്കുറവിൽ നൽകാനും തീരുമാനമായിട്ടുണ്ട്.ഒരു കിലോ ശബരി വെളിച്ചെണ്ണ 329 രൂപയ്ക്ക് നൽകും. സപ്ലൈകോ വഴി 319 രൂപയ്ക്ക് നൽകുന്ന സബ്‌സിഡി വെളിച്ചെണ്ണയുടെ വില 309 രൂപയാക്കും. ഒരു കിലോ ആട്ട 17 രൂപ നിരക്കിൽ നൽകും. വെള്ള -നില കാർഡ് ഉടമകൾക്കാണ് ഇത് നൽകുക. ഈ നിരക്കിൽ രണ്ട് കിലോ വരെ സപ്ലൈകോയിൽ നിന്ന് വാങ്ങാം. നേരത്തെ മഞ്ഞ പിങ്ക് കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു ഈ നിരക്കിൽ ആട്ട നൽകിയിരുന്നത്.
സർക്കാരിന്റെ ക്രിസ്‌മസ് സമ്മാനം, 25 രൂപ നിരക്കിൽ 20 കിലോ അരി, 500 രൂപയ്ക്ക് 12 ഇന കിറ്റ്; ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകും


