കൊല്ലം: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് പുനലൂർ കോളേജ് ജംഗ്ഷന് സമീപമുള്ള ഫ്ളാറ്റിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൻ്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
കെവിൻ കൊലക്കേസിൽ ഷിനുവിനെ പൊലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ പരോളിലാണ്. മദ്യപിച്ചു ലക്കുകെട്ട് ഫ്ളാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പൊലീസിൻ്റെ നിഗമനം. ഫ്ളാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ


