മലപ്പുറം എടപ്പാൾ മാണൂരിൽ സെറിബ്രൽ പൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി. മാണൂർ പുതുക്കുടിയിൽ അനിതകുമാരി, മകൾ അഞ്ജന എന്നിവർ ആണ് മരിച്ചത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രദേശവാസികളാണ് അനിതയെ വീടിന് മുന്നിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. നാട്ടുകാർ വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട്ടുമുറ്റത്ത് ഡ്രമ്മിലെ വെള്ളത്തിൽ മകളെ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
എടപ്പാൾ ഹോസ്പിറ്റലിൽ ജീവനക്കാരനായ മകൻഅജിത്ത് രാത്രി ജോലിക്ക് പോയിരുന്നു. അനിതയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ ഒരു മാസം മുമ്പാണ് മരിച്ചത്. ഭർത്താവിൻ്റെ മരണം അനിതയെ മാനസികമായി തളർത്തിയിരുന്നു. മകൾക്ക് നടക്കാൻ പോലും കഴിയുമായിരുന്നില്ല. പൊലീസെത്തി സംഭവത്തിൽ അന്വേഷണം തുടങ്ങി. ഫോറൻസിക് അടക്കമുള്ള സംഘവും പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
മലപ്പുറത്ത് സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊന്ന് മാതാവ് ജീവനൊടുക്കി


