പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയിൽവേ പൊലീസാണ് പ്രതി സുരേഷ് കുമാറിനെതിരെ കേസെടുത്തത്. റെയിൽവേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും.
പെൺകുട്ടിയെ ദേഷ്യത്തിൽ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാൻ ആവശ്യപ്പെട്ടിട്ടും പെൺകുട്ടി മാറിയില്ലെന്നും പ്രതി മൊഴി നൽകി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെൺകുട്ടികളെ മുൻപരിചയമില്ലെന്നും സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞു.പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. തിരിച്ചറിയൽ പരേഡും വൈദ്യപരിശോധനയും ഉടൻ നടക്കും. പ്രതിയുടെ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പിടികൂടിയ ശേഷവും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് അറിയിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അതിക്രമത്തിന് ഇരയായ തിരുവനന്തപുരം സ്വദേശി ശ്രീക്കുട്ടി ഐസിയുവിൽ തുടരുകയാണ്. ആന്തരികരക്തസ്രാവമുള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി കേരള എക്‌സ്പ്രസിൽ യാത്ര ചെയ്യവെയാണ് പ്രതി പെൺകുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്. വർക്കല സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരം മാറി അയന്തി മേൽപ്പാലത്തിനടുത്തുവെച്ച് ഇന്നലെ രാത്രി 8.40ന് ജനറൽ കോച്ചിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.രണ്ട് പെൺകുട്ടികൾ ശുചിമുറിയിൽ പോയിവരുമ്പോൾ വാതിലിനടുത്തുണ്ടായിരുന്ന പ്രതി ശ്രീക്കുട്ടിയെ ചവിട്ടിപുറത്തേക്ക് ഇടുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി ചവിട്ടി തളളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി അർച്ചന ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തടയാൻ ശ്രമിച്ച തന്നെയും കൈയ്യും കാലും പിടിച്ച് പുറത്തിടാൻ ശ്രമിച്ചെങ്കിലും പിടിച്ചുനിന്നതുകൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും അർച്ചന പറയുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി അബോധാവസ്ഥയിലായിരുന്നു. എതിരെ വന്ന മെമു ട്രെയിനിൽ വർക്കല സ്റ്റേഷനിൽ എത്തിക്കുകയും അവിടെ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രാത്രി വൈകി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. യുവതികൾ ആലുവയിൽ നിന്നും പ്രതി കോട്ടയത്ത് നിന്നുമാണ് കയറിയത്. ഇവർ തമ്മിൽ മുൻപരിചയമില്ല. കൊച്ചുവേളി സ്റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top