വാട്സ്ആപ്പിലൂടെ പരിചയം;നേരിട്ട് കാണാനായി കൊച്ചിയിലെ മാളിലെത്തിയ യുവാവിൻ്റെ പുത്തൻസ്‌കൂട്ടറുമായി കാമുകി മുങ്ങി

കൊച്ചി: വാട്സ്‌ആപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പെൺകുട്ടി യുവാവിന്റെ പുത്തൻ സ്കൂട്ടറുമായി കടന്ന് കളഞ്ഞു. കാമുകി പോയാലും കുഴപ്പമില്ല, സ്കൂട്ടർ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് യുവാവ് കളമശ്ശേരി പൊലീസിൽ പരാതി നൽകി. കൈപ്പട്ടൂർ സ്വദേശിയായ 24-കാരനാണ് കബളിക്കപ്പെട്ടത്.ചാറ്റിങ്ങിലൂടെ പ്രണയിച്ചെങ്കിലും ഇരുവരും തമ്മിൽ ഫോട്ടോകൾ പോലും കൈമാറിയിരുന്നില്ല. പ്രണയം തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടപ്പോൾ മാളിൽ വച്ച് കാണാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. മുന്നേ തീരുമാനിച്ചത് അനുസരിച്ച് ഇരുവരും മാളിൽ എത്തി. പക്ഷെ താൻ വരണമെങ്കിൽ സ്‌കൂട്ടർ താൻ പറയുന്നിടത്ത് വയ്ക്കണമെന്ന് യുവതി നിബന്ധന വെച്ചു. പ്രണയിനി പറഞ്ഞതനുസരിച്ച് യുവാവ് തൻ്റെ പുത്തൻ സ്കൂട്ടർ കടയ്ക്ക് മുന്നിലേക്ക് മാറ്റിവെച്ചു. ശേഷം മാളിൽ എത്തിയ യുവാവും പെൺകുട്ടിയും ഒത്തിരി സമയം അവിടെ ചിലവഴിച്ചു. ആദ്യമായി കാണുന്ന സന്തോഷത്തിൽ യുവാവ് പെൺകുട്ടിക്ക് ഭക്ഷണവും ഐസ്ക്രീമും എല്ലാം വാങ്ങി നൽകി. അൽപ സമയത്തിന് ശേഷം യുവാവ് വാഷ്റൂമിൽ പോയി തിരികെ എത്തുമ്പോൾ പെൺകുട്ടിയെ കാണാനില്ല. നിരവധി തവണ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല.അപ്പോഴാണ് തൻ്റെ സ്‌കൂട്ടറിന്റെ താക്കോൽ കാണാനില്ലാത്ത കാര്യം യുവാവ് ശ്രദ്ധിച്ചത്. സ്കൂട്ടർ പാർക്ക് ചെയ്‌ത സ്ഥലത്ത് പോയെങ്കിലും അവിടം ശൂന്യമായിരുന്നു. തുടർന്നാണ് യുവാവ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top