പയ്യന്നൂരിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനെ തലക്കടിച്ചു കൊന്ന് മൃതദേഹം റോഡിൽ കൊണ്ടിട്ട കേസ്; ഭാര്യയ്ക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും

പയ്യന്നൂർ: ഭർത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ട കേസിൽ ഭാര്യക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്‌ജ്‌ കെ.എൻ. പ്രശാന്ത് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണമെന്നു കോടതി വിധി പ്രസ്‌താവനയിൽ പറഞ്ഞു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്‌മാനായ ചാക്കോച്ചൻ 2013 ജൂലായ് അഞ്ചിന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആറിന് പുലർച്ചെയോടെയാണ് റോഡിൽ മൃതദേഹം കാണപ്പെട്ടത്. പെരിങ്ങോം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.
കാസർഗോഡ് ടൂറിസം ഗൈഡ് കാസർകോട് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെങ്കിലും ക്രൂരമായ കൊലയാണ് നടന്നതെന്ന് ജഡ്‌ജ് കെ.എൻ. പ്രശാന്ത് ചൂണ്ടിക്കാട്ടി. മാരകായുധം ഉപയോഗിച്ച് ഏഴ് തവണയാണ് റോസമ്മ ഭർത്താവിനെ അക്രമിച്ചത്. തല ചിതറിക്കിടന്ന ഭർത്താവിനെ അവർ 30 മീറ്ററോളം വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടു. ശേഷം തെളിവ് നശിപ്പിക്കാൻ അടിച്ചുവാരി ശുചീകരിക്കുകയും സുഗന്ധ വസ്‌തുക്കൾ വീട്ടിൽ ഉപയോഗിക്കുകയും ചെയ്‌ത്‌ റോസമ്മ ഒന്നും സംഭവിക്കാത്ത പോലെ നിൽക്കുകയായിരുന്നു. വയസുകാലത്ത് പരസ്‌പരം താങ്ങും തണലുമായി നിൽക്കേണ്ടതായിരുന്നു ഇരുവരും.
അങ്ങനെയുള്ള 60കാരനായ ഭർത്താവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. റോസമ്മയുടെ ശാരീരിക-മാനസിക അവശതകളോ മക്കൾക്ക് മറ്റാരുമില്ലെന്ന വാദമോ നിലനിൽക്കില്ലെന്നും ജഡ്‌ജി വിധിയിൽ ചൂണ്ടിക്കാട്ടി. തളിപ്പറമ്പിൽ അഡീഷണൽ സെഷൻസ് കോടതി പ്രവർത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യ കൊലക്കേസ് വിധിയാണിത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ്, അഡ്വ. മധു എന്നിവരും ഹാജരായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top