ഫോണില്‍ പുതുതായി ഇൻസ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ മിക്കതും ലൊക്കേഷൻ അനുമതി ചോദിക്കുന്നവയാണ് . എന്നാല്‍ ആവശ്യമുള്ളതാണോ അല്ലയോ എന്ന പോലും നോക്കാതെ നമ്മളില്‍ പലരും പെർമിഷൻ കൊടുക്കും .എല്ലാ ആപ്പുകള്‍ക്കും ലൊക്കേഷൻ അനുമതി നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേരള പൊലീസ്.
അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട് എന്നും ഏതൊക്കെ ആപ്പുകള്‍ക്ക് ലൊക്കേഷൻ ഡാറ്റ കാണാനാകുമെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ് എന്നും കേരളാപൊലീസ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
കേരള പൊലീസിന്റെ പോസ്റ്റ്
ജീവിതം ഓണ്‍ലൈൻ അധിഷ്ഠിതമായി മാറിയ ഇക്കാലത്ത് നമ്മുടെ ഓരോ നീക്കവും പല രീതിയിലും ട്രാക്ക് ചെയ്യപ്പെടാം എന്നത് ഒരു വസ്തുതയാണ്. ചില ആപ്പുകള്‍ക്ക് അവയുടെ അടിസ്ഥാന പ്രവർത്തനങ്ങള്‍ നിർവഹിക്കുന്നതിന് നമ്മുടെ ലൊക്കേഷൻ അനുമതി ആവശ്യമുണ്ട്. എന്നാല്‍ അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്. ഏതൊക്കെ ആപ്പുകള്‍ക്ക് ലൊക്കേഷൻ ഡാറ്റ കാണാനാകുമെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. ആപ്പുകള്‍ ഓപ്പണ്‍ ചെയ്ത്, ഉപയോഗിക്കുമ്ബോള്‍ മാത്രം ലൊക്കേഷൻ ഉപയോഗിക്കാനുള്ള അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും ഉണ്ട്.
നമ്മുടെ ലൊക്കേഷൻ അറിയാനുള്ള അനുമതി ഏതൊക്കെ തരം ആപ്പുകള്‍ക്ക് നല്‍കണം ?
മാപ്പിംഗ് ആപ്പുകള്‍ക്ക് ലൊക്കേഷൻ ആക്സസ് ആവശ്യമാണ്. നമ്മുടെ ലൊക്കേഷൻ എവിടെയാണെന്ന് അറിയില്ലെങ്കില്‍ മാപ്പിംഗ് ആപ്പുകള്‍ക്ക് ദിശാസൂചനകള്‍ നല്കാൻ കഴിയില്ല.
ക്യാമറ പ്രവർത്തിപ്പിക്കുമ്ബോള്‍ ലൊക്കേഷൻ ആവശ്യപ്പെടുന്നത് അല്‍പ്പം വിചിത്രമായി തോന്നിയേക്കാം, എന്നാല്‍ ഫോട്ടോ മെറ്റാഡാറ്റയിലേക്ക്, ഫോട്ടോകള്‍ എടുക്കപ്പെട്ട ലൊക്കേഷൻ ചേർക്കണോ എന്ന് ചിലപ്പോള്‍ അനുമതി ചോദിക്കാറുണ്ട്. ഇത് അത്യാവശ്യമല്ല. എന്നാല്‍ ഈ ഡാറ്റ ഉണ്ടെങ്കില്‍ ഫോട്ടോകള്‍ കണ്ടെത്തുന്നത് എളുപ്പമാകും.
യാത്രക്കും മറ്റും ടാക്സി പിടിക്കാനുള്ള ആപ്പുകള്‍, ഭക്ഷണം ഓർഡർ ചെയ്യാനുള്ള ആപ്പുകള്‍ തുടങ്ങിയവയ്ക്ക് ലൊക്കേഷൻ ഡാറ്റ ആവശ്യമായി വരും. എന്നാല്‍ ഇത് എല്ലാ സമയത്തും അനുവദിക്കേണ്ട ആവശ്യമില്ല.
അതാത് പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനം അറിയാൻ കാലാവസ്ഥ സംബന്ധമായ ആപ്പുകള്‍ക്ക് ലൊക്കേഷൻ അനുമതികള്‍ നല്‍കേണ്ടതുണ്ട്. ഒരുപാട് യാത്ര ചെയ്യുകയോ കഠിനമായ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ ജീവിക്കേണ്ട സാഹചര്യമോ ഉണ്ടായാല്‍ ‘വിശ്വസനീയമായ’ കാലാവസ്ഥ ആപ്പുകള്‍ക്ക് ലൊക്കേഷൻ ആക്സസ് നിശ്ചിത കാലയളവില്‍ നല്‍കാം.
സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് നമ്മള് പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ ജിയോടാഗ് ചെയ്യുന്നതിനുള്ള ലൊക്കേഷൻ അനുമതി മാത്രമേ സാധാരണ ആവശ്യമുള്ളൂ. എന്നാല്‍ നമ്മെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ക്കായി സോഷ്യല്‍ മീഡിയ ആപ്പുകള്‍ ഈ ഡാറ്റ ദുരുപയോഗം ചെയ്തേക്കാം.
മാളുകളുടെയോ വലിയ വ്യവസായ സ്ഥാപനങ്ങളുടെയോ സമീപം ആയിരിക്കുമ്ബോള്‍ ഉപഭോക്താവ് എന്ന രീതിയില്‍ സന്ദേശങ്ങള്‍ കൈമാറാൻ ലൊക്കേഷൻ ഉപയോഗിച്ചേക്കാം.
ആപ്പുകളുടെ സേവനങ്ങള്‍ വിലയിരുത്തി അത്യാവശ്യം ഉള്ളവയ്ക്ക് മാത്രം ലൊക്കേഷൻ അക്സസ്സ് നല്‍കുക.