സ്വർണം കട്ടവരാരപ്പാ? സഖാക്കളാണേ അയ്യപ്പാ എന്ന് പാടി പ്രതിപക്ഷം; കോൺഗ്രസാണേ അയ്യപ്പാ എന്ന് മന്ത്രി വി ശിവൻകുട്ടി; സഭയിൽ പാരഡിപ്പോര്

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകൾ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വർണം കട്ടവരാരപ്പാ, കോൺഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ ഇതിനെ പ്രതിരോധിച്ചത്. ഉണ്ണികൃഷ്‌ണൻ പോറ്റിയ്ക്കെ‌ാപ്പം സോണിയാ ഗാന്ധി നിൽക്കുന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സഭയിൽ ഭരണപക്ഷത്തിൻ്റെ പ്രതിരോധം.
പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ പിരിഞ്ഞു. സോണിയാ ഗാന്ധിയെ സ്വർണം കട്ടവർ രണ്ട് തവണ കാണാൻ പോയതെന്തിനാണെന്ന് മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും സോണിയാ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും മന്ത്രി ശിവൻകുട്ടി സഭയിൽ പറഞ്ഞു. കേരളത്തിലെ സാധാരണക്കാരനായ കോൺഗ്രസ് പ്രവർത്തകന് സോണിയ ഗാന്ധിയുടെ വസതിക്കുള്ളിലേക്ക് പ്രവേശനമുണ്ടോ എന്ന് മറുപടി പറയണമെന്നും ഉണ്ണികൃഷ്‌ണൻ പോറ്റിയെ സോണിയാ ഗാന്ധിയെ കേറ്റിയതാരെന്നും മന്ത്രി വീണാ ജോർജ് ചോദിച്ചു. മറുപടിയില്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും വീണാ ജോർജ് പറഞ്ഞു.ശബരിമലയിലെ കൊടിമരം മാറ്റിയവരെ പ്രതിപക്ഷം സംരക്ഷിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സഭയിൽ മന്ത്രി എം ബി രാജേഷ് പ്രതിരോധം തീർത്തത്. പോറ്റിയെക്കുറിച്ച് അടൂർ പ്രകാശിനോട് ചോദിക്കണമെന്നും സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട കോൺഗ്രസുകാരേയും സോണിയാ ഗാന്ധിയേയും സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിഷേധം ഇളക്കിവിട്ടിരിക്കുന്നതെന്നും എം ബി രാജേഷ് ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെ കുറ്റപ്പെടുത്താൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചപ്പോൾ ഹൈക്കോടതിയിൽ നിന്ന് അദ്ദേഹത്തിന് കനത്ത തിരിച്ചടി കിട്ടിയില്ലേ എന്നും എം ബി രാജേഷ് ചോദിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top