പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന ബസിൽ നിന്ന് 7 കിലോ കഞ്ചാവ് പിടികൂടി; 2 പേർ അറസ്റ്റിൽ, പിടിയിലായത് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനും കളിപ്പാട്ടം നന്നാക്കുന്ന യുവാവും

പയ്യന്നൂർ: ബംഗളൂരുവിൽ നിന്നു പയ്യന്നൂരിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്ന് ഏഴ് കിലോ കഞ്ചാവ് പിടികൂടി;2 പേർ അറസ്റ്റിൽ. പരിയാരം വിളയാങ്കോട് അലക്യംപാലം തമ്പിലാൻ ഹൗസിൽ ജിൻസ് ജോൺ (25), ചുടല, കുജവളപ്പിൽ ഹൗസിൽ കെ.വി അഭിനവ് (25) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാളിന്റെ നിർദേശപ്രകാരം ദീപാവലി സ്പെഷ്യൽ ഡ്രൈവ് നടത്തിക്കൊണ്ടിരിക്കെ ഇരിട്ടി ഡിവൈ.എസ്‌.‌പി പി.കെ ധനഞ്ജയ്ബാബുവിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ കെ. ഷർഫുദീൻ്റെയും ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻ്റെയും നേതൃത്വത്തിൽ വ്യാഴാഴ്‌ച പുലർച്ചെയാണ് കഞ്ചാവ് വേട്ട നടത്തിയത്. ഇരിട്ടി, കൂട്ടുപുഴയിൽ ബസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബംഗ്ളൂരുവിൽ നിന്ന് ഇരിട്ടി- തളിപ്പറമ്പ് വഴി പയ്യന്നൂരിലേക്ക് സർവീസ് നടത്തുന്ന ബസാണിത്. ബസിൻ്റെ പിറകിൽ ലഗേജുകൾ സൂക്ഷിക്കുന്ന സ്ഥലത്താണ് കഞ്ചാവുണ്ടായിരുന്നത്. പൊലീസ് കഞ്ചാവ് പിടിച്ചെടുത്തതോടെ ബസിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരെയും കീഴടക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
തളിപ്പറമ്പ്, പരിയാരം, പയ്യന്നൂർ ഭാഗങ്ങളിൽ വിൽപ്പനക്കായി കൊണ്ടുവരികയായിരുന്നു കഞ്ചാവ്. രണ്ടുപേരും സമാനമായ കേസിൽ നേരത്തെ പ്രതികളായിരുന്നു. കഞ്ചാവ് ഉപയോഗിച്ചതിനും ഇവർക്കെതിരെ കേസുണ്ടായിരുന്നു. നേരത്തെയും ബംഗ്ളൂരുവിൽ നിന്ന് ഇവർ കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന നടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്ക് പിറകിൽ മറ്റ് ഏതെങ്കിലും കണ്ണികളുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. പിടിയിലായ അഭിനവ് സൗണ്ട് സിസ്റ്റം ജീവനക്കാരനും ജിൻസ് ചിൽഡ്രൺസ് പാർക്കിലെ കളിപ്പാട്ടങ്ങൾ നന്നാക്കുന്ന ജോലി ചെയ്യുന്ന വ്യക്തിയുമാണ്. ഡിവൈ.എസ്‌.പിയുടെ സ്ക്വാഡിലെ എ.എം ഷിജോയ്, രതീഷ് കല്ല്യാടൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top