കൽപറ്റ • വയനാട്ടിൽ ഭീതി പടർത്തിയ കടുവ കൂട്ടിലായി. WWL 48 എന്ന 14 വയസ്സുള്ള ആൺ കടുവയാണ് ഇന്ന് പുലർച്ചെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കയറിയത്. ഈ കടുവയാണ് ദേവർഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനായിരുന്ന മാരനെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ് സ്ഥഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വണ്ടിക്കാട് വനമേഖലയിൽ വച്ച കടുവ കൂട്ടിലായത്. പ്രായാധിക്യത്താൽ അവശനിലയിലായ കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. പരുക്കുള്ള കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് അധികൃതർ അറിയിച്ചു.വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് ശനിയാഴ്ച മാരനെ കടുവ ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മാരൻ മരിച്ചത്. തുടർന്ന് കടുവയെ പിടികൂടുന്ന നടപടികൾ വനം വകുപ്പ് ആരംഭിക്കുകയായിരുന്നു.
വയനാട്ടിൽ ഊരുമൂപ്പനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി, കാട്ടിലേക്ക് വിടില്ലെന്ന് വനം വകുപ്പ്


