ന്യൂഡൽഹി: 2026 അവസാനത്തോടെ രാജ്യത്തുടനീളം മൾട്ടി-ലെയ്ൻ ഫ്രീ ഫ്ളോ (MLFF) ടോൾ സംവിധാനവും എ.ഐ അധിഷ്ഠിത ഹൈവേ മാനേജ്മെൻ്റ് സാങ്കേതികവിദ്യയും നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. രാജ്യസഭയിൽ ചോദ്യോത്തരവേളിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ടോൾ പ്ലാസകളിലെ കാത്തിരിപ്പ് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
ജിപിഎസ്, ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. നാഷനൽ പേയ്മെൻ്റ് കോർപറേഷൻ (എൻപിസിഐ) തയാറാക്കിയ നാഷനൽ ഇലക്ട്രോണിക് ടോൾ കലക്ഷൻ (എൻഇടിസി) സംവിധാനം വഴി ഫാസ്ടാഗിൽ നിന്ന് തുക ഈടാക്കും.
പുതിയ സാങ്കേതികവിദ്യ പൂർണ്ണമായും എ.ഐ അധിഷ്ഠിതമായിരിക്കുമെന്നും ടോൾ പ്ലാസകളിൽ കാത്തിരിക്കാതെ വാഹനങ്ങളെ ടോൾ പോയിൻ്റുകളിലൂടെ കടന്നുപോകാൻ അനുവദിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഈ സംരംഭം പ്രതിവർഷം ഏകദേശം 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനും സർക്കാർ വരുമാനം ഏകദേശം 6,000 കോടി രൂപ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്. മുൻകാലങ്ങളിൽ ടോൾ പ്ലാസകളിൽ പണം അടയ്ക്കാനായി വാഹനം 3 മുതൽ 10 മിനിറ്റ് വരെ നിർത്തിയിടേണ്ടി വന്നിരുന്നു. ഫാസ്ടാഗ് ഏർപ്പെടുത്തിയതോടെ ഇത് ഒരു മിനിറ്റിൽ താഴെയായി കുറയ്ക്കാൻ സാധിച്ചു. കേന്ദ്ര സർക്കാരിൻ്റെ വരുമാനം 5000 കോടി രൂപയോളം വർധിച്ചുവെന്നും മന്ത്രി പറഞ്ഞു. എംഎൽഎഫ്എഫ് വരുന്നതോടെ 80 കിലോമീറ്റർ വേഗത്തിൽ കാറുകൾക്ക് ടോൾ ഗേറ്റുകൾ കടന്നുപോകാൻ സാധിക്കും. പുതിയ സാങ്കേതികവിദ്യ തീർച്ചയായും ആളുകളെ സഹായിക്കുമെന്നും യാത്രാ സമയം തീർച്ചയായും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടോൾ പ്ലാസകളിലെ കാത്തിരിപ്പ് അവസാനിക്കുന്നു: 2026 അവസാനത്തോടെ എ.ഐ അധിഷ്ഠിത ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്കരി


